'ചില വ്യക്തികളുടെ പേരുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല, സജിമോൻ പാറയിൽ ആരെയാണ് ഭയക്കുന്നത്'; മാലാ പാർവതി ചോദിക്കുന്നു

Thursday 25 July 2024 1:03 PM IST

തിരുവനന്തപുരം: സിനിമാ രംഗത്തെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. നിർമാതാവായ സജിമോൻ പാറയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നായിരുന്നു നടപടി. റിപ്പോർട്ട് പുറത്തുവരുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിനേത്രിയായ മാലാ പാർവതി കേരള കൗമുദി ഓൺലൈനിനോട് പ്രതികരിച്ചു.

ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത് ഒരു നടി എന്ന നിലയിലും തുറന്ന അഭിപ്രായങ്ങൾ പറയുന്ന വ്യക്തി എന്ന നിലയിലും എങ്ങനെ നിരീക്ഷിക്കുന്നു?

ഹേമാ കമ്മിറ്റിയിലൂടെ ചില വ്യക്തികളുടെ പേരുകൾ പുറത്തുവരുമെന്ന് ഞാൻ ആദ്യം മുതലേ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല. സ്ത്രീകളുടെ പേരുകൾ പുറത്തുവരുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഈ ഒരു നീക്കം വിചിത്രമായാണ് തോന്നിയത്. ഇങ്ങനെയുളള കാര്യത്തിന് നിയമത്തെ ഉണർത്തിയാൽ ഇതൊക്കെയായിരിക്കും സംഭവിക്കുന്നത്. എല്ലാവരും ഇങ്ങനെയുളള കാര്യത്തിൽ ഒന്നാണ്. പക്ഷെ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്താണ് സിനിമയിൽ നടക്കുന്നതെന്നും അതിനെ എങ്ങനെ പ്രൊഫഷണലായ ഒരു സിസ്റ്റമാക്കി മാറ്റാൻ കഴിയുമെന്നും വ്യവസായം എന്ന നിലയ്ക്ക് എങ്ങനെ സുതാര്യമാക്കാമെന്നും ഇനിവരാൻ പോകുന്ന തലമുറയ്ക്ക് എങ്ങനെ കൂടുതൽ പ്രയോജനകരമാകുമെന്നും എന്ന നിലയ്ക്കായിരുന്നു ഈ റിപ്പോർട്ടിനെ പ്രതീക്ഷിച്ചിരുന്നത്.

ഇതിൽ സിനിമാമേഖലയിൽ സ്ത്രീ അഭിനേതാക്കളുടെ സുരക്ഷ നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലുളള നിബന്ധനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ അനുഭവത്തിലൂടെ പറയുന്നതാണ്. പക്ഷെ ചെറിയ രീതിയിലുളള മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ജീവിതം കണ്ട വ്യക്തിയാണ്. ഇടതുപക്ഷ സർക്കാർ ഇത്തരത്തിൽ ഒരു കമ്മിറ്റി മുന്നോട്ടുവച്ചപ്പോൾ പലതും പ്രതീക്ഷിച്ചു. ഉദാഹരണത്തിന് കാസ്റ്റിംഗ് പോലുളള സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ വരുമെന്നും അഭിനേതാക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ മികച്ചതാക്കാൻ കഴിയുമെന്നും പ്രതീക്ഷിച്ചു.

സ്ത്രീ അഭിനേതാക്കളുടെ നിലവിലെ അവസ്ഥ എന്താണ്?

എല്ലാവരുടെയും അവസ്ഥ എങ്ങനെയാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം തന്നെ ഞാനുണ്ടായിരുന്ന ഒരു ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം പങ്കുവയ്ക്കാം. കുറച്ച് സ്ത്രീകൾ ഒരു ദിവസം മുഴുവൻ ട്രെയിനിൽ യാത്ര ചെയ്ത് നേരെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് എത്തിയത്. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന യാതൊരു സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നില്ല. അന്ന് 48 മണിക്കൂറോളം ഷൂട്ടിംഗ് നീണ്ടുപോയി. ഈ സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കുറച്ച് നിബന്ധനകളെങ്കിലും പുറത്തുവന്നാൽ അത് പ്രയോജനകരമാകും. ഇത്തരത്തിലുളള പലകാര്യങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു.

വലിയ തുക വാങ്ങിവരുന്ന അഭിനേതാക്കൾക്ക് മികച്ച സൗകര്യങ്ങൾ സെറ്റുകളിൽ ഒരുക്കുന്നുണ്ട്. അവർ മാത്രമുണ്ടായിട്ടല്ല സിനിമയുണ്ടാകുന്നത്. സാധാരണക്കാരായ മനുഷ്യരുടെ അധ്വാനം കൂടി ഇതിനുപിന്നിലുണ്ട്. അപ്പോൾ അതുംകൂടി പരിഗണിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അതിനെ ഒറ്റനിമിഷം കൊണ്ട് തകർത്തുകളഞ്ഞു.

ഹേമാ കമ്മീഷൻ മാറി കമ്മിറ്റിയായി. ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?

ചോദ്യം ചെയ്യേണ്ടവരോട് ചോദ്യം ചോദിക്കുക തന്നെ വേണം. അവരുടെ താൽപര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയണമെന്നുണ്ട്. ആദ്യം ഇത് കമ്മീഷനായിരുന്നു. പിന്നീട് അതിനെ കമ്മിറ്റിയാക്കുകയായിരുന്നു. അതിൽ നിന്നുതന്നെ നമുക്ക് കാര്യങ്ങൾ മനസിലാക്കാവുന്നതേയുളളൂ. അതോടെ ചില പേരുകൾക്ക് പ്രസക്തിയില്ലാതെയായി. സിനിമയിൽ എന്താണ് നടക്കുന്നത്? എങ്ങനെ പരിഹരിക്കാം? എന്ന തരത്തിൽ ഒരു പഠനം പോലും നടത്താൻ സമ്മതിക്കാത്തതിന് പിന്നിൽ എന്താണ് കാരണം. അതുതന്നെ വലിയ ഒരു ചോദ്യമാണ്.

റിപ്പോർട്ട് പുറത്തുവരുന്നതിൽ കൂടുതൽ എതിർപ്പുകൾ ഉണ്ടായിട്ടുണ്ടോ?

ഈ റിപ്പോർട്ട് പുറത്തുവരുന്നതിനെ എല്ലാവരും എതിർത്തിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് ഒരു പ്രശ്നമില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. എങ്കിൽ പിന്നെ അത് ചെയ്തൂടേ. ഇത്രയും നാൾ റിപ്പോർട്ട് എന്തിനാണ് പിടിച്ചുവച്ചത്? റിപ്പോർട്ടിൽ വലിയ കാര്യങ്ങൾ ഒന്നും പറയുന്നില്ല. സ്ത്രീ അഭിനേതാക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള കുറച്ച് നിബന്ധനകൾ മാത്രമേ ഉളളൂവെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ആരുടെയും പേര് പുറത്തുവരില്ലെന്ന് മുൻപ് തന്നെ അറിഞ്ഞ കാര്യമാണ്. എന്നിട്ടും എന്തിനാണ് സജിമോൻ പാറയിൽ ഇങ്ങനെ ഒരു നീക്കം നടത്തിയത്. എന്താണ് അദ്ദേഹം ഭയക്കുന്നത്?

സ്ത്രീ അഭിനേതാക്കളുടെ എല്ലാ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് ലൊക്കേഷനുകൾ പ്രവർത്തിച്ചുവരുന്നതെന്ന് ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ പറഞ്ഞിരുന്നു. എന്താണ് അഭിപ്രായം?

ലക്ഷ്മി ഗോപാലസ്വാമി നല്ലൊരു നടിയാണ്. അവർ പോകുന്ന വലിയ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ അവസ്ഥയായിരിക്കും പറഞ്ഞിട്ടുളളത്. ഞാൻ പോകുന്ന സെറ്റുകളിലെ അവസ്ഥ കണ്ടിട്ടുണ്ട്. സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് കൃത്യമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ പലയിടങ്ങളിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

കാസ്റ്റിംഗ് നടത്തുന്നതിൽ താൽപര്യങ്ങൾ ഉണ്ടോ?

പരിചയസമ്പത്തുണ്ട്, വിദ്യാഭ്യാസ യോഗ്യതയുണ്ട് എന്നുപറയുന്നത് പോലെയല്ല സിനിമയിലെ കാസ്റ്റിംഗ്. വ്യക്തിപരമായ അഭിപ്രായങ്ങളിലൂടെയാണ് കാസ്റ്റിംഗ് നടക്കുന്നത്. ഒരാൾ അഭിപ്രായം പറയുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മറ്റുളളവർക്ക് മനസിലായി കഴിഞ്ഞാൽ അയാളെ സിനിമയിൽ നിന്നും ഒഴിവാക്കാൻ മാത്രമേ പലരും ശ്രമിക്കുകയുളളൂ, അതുകൊണ്ട് മിക്കവരും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വേറെ വഴിയില്ല. എനിക്ക് അത്തരത്തിലുളള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.