അർജുന്റെ ലോറിയിലുണ്ടായിരുന്ന തടിക്കഷ്ണങ്ങൾ കണ്ടെത്തി; അടുത്ത രണ്ട് മണിക്കൂർ അതിനിർണായകം
ഷിരൂർ: കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗതൃത്തിന് തടസമായി ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക്. ഡൈവർമാർക്ക് ഡിങ്കി ബോട്ടുകൾ ട്രക്ക് കിടക്കുന്ന സ്ഥലത്ത് നിലനിർത്താൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് മണിക്കൂറുകൾ നിർണായകമാണ്.
ഐബോഡ് പരിശോധനയിൽ നദിക്കടിയിൽ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്. ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ട്രക്ക് കണ്ടെത്താൻ പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള നാവികസേനയുടെ പരിശോധന ഉടൻ ഉണ്ടായേക്കില്ല. മുങ്ങൽ വിദഗ്ദർക്ക് താഴെയിറങ്ങാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്‌ണങ്ങൾ കണ്ടെത്തിയെന്ന് ഉടമ മനാഫ് പ്രതികരിച്ചു. 12 കിലോമീറ്റർ അകലെ നിന്ന് നാല് കഷ്ണം തടിയാണ് കണ്ടെത്തിയത്. തടികളിൽ പി എ 1 എന്നെഴുതിയിട്ടുണ്ട്. ഇതുകണ്ടാണ് തിരിച്ചറിഞ്ഞത്.
ഇന്ന് വൈകുന്നേരത്തോടെ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ കാലാവസ്ഥ പ്രതികൂലമാണ്. ഉത്തര കന്നഡയിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. ഇന്നലെ ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായിരുന്നു.
നേവിയുടെ സോണാർ പരശോധനയിലും സൈന്യത്തിന്റെ റഡാർ പരശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡയും സൈന്യവും സ്ഥിരീകരിച്ചത്. അർജുൺ കാണാമറയത്തായിട്ട് പത്ത് ദിവസമായി.