'ലോറിയുളളത് പത്ത് മീറ്റർ ആഴത്തിൽ, നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തി';രാത്രിയും ‌ഡ്രോൺ പരിശോധന തുടരുമെന്ന് കാർവാർ എംഎൽഎ

Thursday 25 July 2024 6:11 PM IST

ഷിരൂർ: അർജുന്റെ ട്രക്കുളളത് ഗംഗാവലിപ്പുഴയിൽ നിന്ന് പത്ത് മീറ്റർ ആഴത്തിലെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തടികൾ ലോറിയിൽ നിന്ന് വിട്ടുപോയെന്നും നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'രാത്രിയും ഡ്രോൺ പരിശോധന നടത്തും. രണ്ട് നോട്ടിക്കൽ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളിൽ മനുഷ്യ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല'- എംഎൽഎ വ്യക്തമാക്കി.

ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ പുഴയിലിറങ്ങി പരിശോധന നടത്തുന്നത് പ്രയാസകരമാണെന്ന് നാവികസേന അറിയിച്ചു. ഇതോടെ അർജുനെ കണ്ടെത്തുന്നതിനുവേണ്ടിയുളള പത്താം ദിവസത്തെ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. അതേസമയം, വെളളത്തിനടിയിലുളള ട്രക്ക് അർജുന്റേതാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ‌പക്ഷെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ കാബിൻ ഏത് ഭാഗത്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

ഐബോഡ് പരിശോധനയിൽ നദിക്കടിയിൽ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുമുണ്ട്. മുങ്ങൽ വിദഗ്ദർക്ക് താഴെയിറങ്ങാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കഷ്‌ണങ്ങൾ കണ്ടെത്തിയെന്ന് ഉടമ മനാഫ് പ്രതികരിച്ചു. 12 കിലോമീറ്റർ അകലെ നിന്ന് നാല് കഷ്ണം തടിയാണ് കണ്ടെത്തിയത്. തടികളിൽ പി എ 1 എന്നെഴുതിയിട്ടുണ്ട്. ഇതുകണ്ടാണ് തിരിച്ചറിഞ്ഞത്.

ഉത്തര കന്നഡയിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. ഇന്നലെ ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായിരുന്നു.നേവിയുടെ സോണാർ പരശോധനയിലും സൈന്യത്തിന്റെ റഡാർ പരശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡയും സൈന്യവും സ്ഥിരീകരിച്ചത്. അർജുനെ കാണാതായിട്ട് പത്ത് ദിവസം കഴിഞ്ഞു.