ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് കൂടുതൽ പേരെ തട്ടിച്ചെന്ന് ആരോപണം

Friday 26 July 2024 1:49 AM IST

കൊച്ചി: കേന്ദ്ര സർക്കാരിന് കീഴിലുള്ള കോർപ്പറേഷനുകളിലും മറ്റും ജോലിയും ബോർഡ് അംഗത്വവും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ, ആരോപണ വിധേയരായ ലോക് ജനശക്തി പാർട്ടി (ആ‌ർ ) ദേശീയ സെക്രട്ടറി കൂടുതൽപ്പേരെയും സമാനമായി വഞ്ചിച്ചിട്ടുണ്ടെന്ന് എൽ.ജെ.പി (ആർ) ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഫ്.സി.ഐയിൽ തനിക്ക് ബോർഡ് അംഗത്വം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കലാക്കി. ഒരു കത്തുവന്നതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. പണം തിരികെ ആവശ്യപ്പെട്ടതിന് പിന്നാലെ വധഭീഷണിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം താൻ തട്ടിപ്പുകാരനാണെന്ന് ദേശീയ സെക്രട്ടറി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. ദേശീയ സെക്രട്ടറിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ജയകൃഷ്ണൻ പറഞ്ഞു. ലോക് ജനശക്തി പാർട്ടി ( രാംവിലാസ് ) വനിതാ വിഭാഗം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്വയം രാജിവച്ചതെന്നും ദേശീയ സെക്രട്ടറിയുടെ ആരോപണം തെറ്റാണമെന്നും വനിതാ വിഭാഗം മുൻ പ്രസിഡന്റ് പി. മുഞ്ജുള പറഞ്ഞു. ദേശീയ സെക്രട്ടറിയും യുവജന വിഭാഗം ദേശീയ പ്രസിഡന്റും ചേർന്ന് പണം തട്ടിയെന്ന് ആരോപിച്ച് കായംകുളം സ്വദേശികളായ യുവാക്കളും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

Advertisement
Advertisement