കാർഗിൽ വിജയാഘോഷം: മോദി ഇന്ന് ദ്രാസിൽ

Friday 26 July 2024 4:06 AM IST

ന്യൂഡൽഹി:കാർഗിലിൽ നുഴഞ്ഞു കയറിയ പാക് പടയെ യുദ്ധത്തിൽ തുരത്തി ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്രാസിൽ എത്തും. അവിടത്തെ യുദ്ധസ്‌‌മാരകത്തിൽ രാവിലെ 9.20ന് പ്രധാനമന്ത്രി കാർഗിലിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരമർപ്പിക്കും. സേനയുടെ ആഭിമുഖ്യത്തിൽ ഇന്നലെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.

വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും. മുൻ കരസേനാ മേധാവി ജനറൽ വി.പി മാലിക്, ലെഫ്റ്റനന്റ് ജനറൽ വൈ.കെ. ജോഷി, ബ്രിഗേഡിയർ എസ്.എസ്. ഷെഖാവത്ത്, കേണൽ സോനം വാങ്‌ചുക്, രക്തസാക്ഷിത്വം വഹിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ പിതാവ് ഗിർധാരി ലാൽ ബത്ര തുടങ്ങിയവരും പങ്കെടുക്കും.

അതിർത്തിയിൽ സേനാനീക്കം സുഗമമാക്കാനുള്ള ഷിൻകു ലാ ടണലിന്റെ നിർമ്മാണത്തിനും മോദി തുടക്കം കുറിക്കും. 15,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമ്മു - പാടും - ദാർച്ച റോഡിൽ 4.1 കിലോമീറ്റർ നീളത്തിലാണ് ഇരട്ട തുരങ്കം നിർമ്മിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. ലോകത്ത് ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കമാണിത്.

Advertisement
Advertisement