ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി, പണം തട്ടിയത് വ്യാജ ലോണുണ്ടാക്കി

Friday 26 July 2024 11:04 AM IST

തൃശൂർ: ജോലി ചെയ‌്‌ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജൻായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹൻ ആണ് വൻതട്ടിപ്പ് നടത്തി കടന്നത്. കമ്പനി നൽകിയ പരാതിയിൽ ഇവർക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസന്വേഷിക്കുക.

കഴിഞ്ഞ 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2020 മേയ് മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ച് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്‌തുക്കളും സ്ഥലവും വീടും ഉൾപ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വർഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.