'എനിക്ക് ഇഷ്‌ടമുള്ള വസ്ത്രം ഞാൻ ധരിക്കും'; സമ്മർദ്ദം ഏറ്റെടുക്കാറില്ലെന്ന് ടൊവിനോയുടെ നായിക

Friday 26 July 2024 12:46 PM IST

പാപ്പരാസി സംസ്കാരത്തിൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ വലിയ രീതിയിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിൽ പ്രധാനമാണ് വസ്ത്രധാരണരീതി. വിമാനത്താവളത്തിൽ എത്തുന്ന താരങ്ങൾക്ക് പോലും രക്ഷയില്ല. താരങ്ങളുടെ എയർപോർട്ട് ലുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറുണ്ട്.

അതിനാൽത്തന്നെ താരങ്ങൾ വലിയ സമ്മർദ്ദമാണ് ഇതിൽ നേരിടുന്നത്. എന്നാൽ എയർപോർട്ട് ലുക്ക് സമ്മർദ്ദം താൻ ഏറ്റെടുക്കാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വാമിഖ ഗബ്ബി. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

' ഞാൻ എയർപോർട്ട് ലുക്ക് സമ്മർദ്ദം ഏറ്റെടുക്കാറില്ല. ഞാൻ എനിക്ക് വേണ്ടിയാണ് വസ്ത്രം ധരിക്കുന്നത്. നല്ല വസ്ത്രങ്ങൾ നല്ല ദിവസങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് മുൻപ് ഞാൻ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല, ചെറിയ കാലത്തേയ്‌ക്കേ ജീവിതം ഉള്ളൂ. ആ സമയത്ത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും. അതിൽ എനിക്ക് സമ്മർദ്ദമില്ല. അതിന് ആരും നിർബന്ധിക്കേണ്ട', - നടി വ്യക്തമാക്കി.

പഞ്ചാബിൽ ജനിച്ച വാമിഖ ബോളിവുഡിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. തമിഴിലും വാമിഖ അഭിനയിച്ചിട്ടുണ്ട്. 'ഗോദ' എന്ന മലയാള ചിത്രത്തിലൂടെയാണ് വാമിഖ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായാണ് വാമിഖ എത്തിയത്. പൃഥ്വിരാജ് നായകനായ '9' എന്ന ചിത്രത്തിലും വാമിഖ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തിയിട്ടുണ്ട്.