അടിയൊഴുക്കും ചെളിനിറഞ്ഞ  വെള്ളവും; അർജുനായുള്ള തെരച്ചിലിൽ കടുത്ത  പ്രതിസന്ധി, നിർണായക യോഗം ഉടൻ

Friday 26 July 2024 2:31 PM IST

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം 11-ാം ദിവസം പിന്നിടുമ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ​ഗം​ഗാ​വ​ലി പുഴയിൽ അതിശക്തമായ അടിയൊഴുക്ക് തുടരുകയാണ്. പുഴയിൽ ഇന്നും മുങ്ങൽ വിദഗ്ദ്ധർക്ക് ഇറങ്ങാൻ ആയില്ല. ചെളിനിറഞ്ഞ വെള്ളമായതിനാൽ മുങ്ങൽ വിദഗ്ദ്ധർക്ക് ഒന്നും കാണാനുമാകില്ല.

ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകൾ പുഴക്കരയിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.

നേവിയുടെയും ആർമിയുടെയും ഐബോഡ് സംഘത്തിന്റെയും സംയുക്ത തെരച്ചിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ ഇനിയെന്ത് വേണം എന്നതിൽ നിർണായക യോഗം ഉച്ചയ്ക്ക് ശേഷം നടക്കും. ദൗത്യസംഘ പ്രതിനിധികളും ഉദ്യോഗസ്ഥസംഘവുമാണ് യോഗം ചേരുന്നത്. കനത്ത മഴ തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ദൗത്യം പ്രായോഗികമല്ലെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദൗത്യസംഘത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം കേരളത്തിൽ നിന്നെത്തുന്ന മന്ത്രിതല സംഘത്തെ കർണാടക അറിയിക്കും.

ബൂം എസ്കവേറ്റർ പരിശോധനയിൽ ചായക്കടയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിതൊട്ട് കനത്ത മഴയും കാറ്റുമാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ്.

​ഐ​ബോ​ഡ് ​ഡ്രോ​ൺ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ​ ​വൈ​കു​വോ​ളം​ ​തു​ട​ർ​ന്നിരുന്നു.​ ​എന്നാൽ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. റോ​ഡി​ൽ​ ​നി​ന്ന് 60​ ​മീ​റ്റ​റോ​ളം​ ​മാ​റി​ ​ന​ദി​യി​ൽ​ 20​ ​അ​ടി​ ​താ​ഴ്ച​യി​ലാ​ണ് ​ട്ര​ക്കു​ള്ള​ത്.​ നാല് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ദൗത്യസംഘം അറിയിച്ചു.