പച്ചപ്പുതപ്പണിഞ്ഞ് ഒറ്റൂരിലെ പാടശേഖരങ്ങൾ
കല്ലമ്പലം: കൃഷി അന്യം നിന്നുപോകുന്ന കാലഘട്ടത്തിൽ ഒറ്റൂർ പഞ്ചായത്തിലെ ഭൂരിഭാഗം നെൽപ്പാടങ്ങളും കതിരണിയാൻ തയ്യാറെടുക്കുന്നു.വർദ്ധിച്ചുവരുന്ന ചെലവും തൊഴിലാളികളുടെ ദൗർലഭ്യവും കർഷകരെ ഇടയ്ക്ക് ദുരിതത്തിലാക്കിയിരുന്നു.എന്നാൽ ഇപ്പോൾ പൂർവാധികം ശക്തിയോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.ഇരുപ്പൂ കൃഷിയാണ് നടക്കുന്നത്.രണ്ടുതവണയായി 80 ഓളം ഹെക്ടർ പ്രദേശത്ത് നെൽക്കൃഷി നടക്കുന്നുണ്ട്. നിലം ഉഴുന്നതിനും,ഞാറു നടുന്നതിനും,കൊയ്യുന്നതിനും സ്വകാര്യ വ്യക്തികളുടെ കാർഷിക യന്ത്രങ്ങളാണ് ആശ്രയം.പഞ്ചായത്തും സഹകരണ സംഘവും വാങ്ങിയ യന്ത്രങ്ങൾ ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്.
മാമ്പഴക്കോണം ഏലായിൽ ഒറ്റൂർ സഹകരണസംഘം രണ്ട് ഹെക്ടറോളം പ്രദേശത്ത് നെൽക്കൃഷി നടത്തിയിരുന്നെങ്കിലും ഇപ്പോൾ നടത്തുന്നില്ല.ഇവിടെ പാടശേഖരസമിതികളും പ്രവർത്തിക്കുന്നുണ്ട്. വിത്തുകളും വളങ്ങളും ഉൾപ്പെടെ ഒരു സെന്റിന് 80 രൂപ നിരക്കിൽ പഞ്ചായത്ത് കർഷകർക്ക് സഹായവും നൽകുന്നുണ്ട്. കൃഷിഭവന്റെ നിർദേശങ്ങളും സഹായങ്ങളും നെൽക്കർഷകർക്ക് ലഭിക്കുന്നുണ്ട്.
വിളയിക്കുന്ന നെല്ല് സംഭരിക്കുന്നതിനും യഥാസമയം വില ലഭിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ വേണമെന്നാണ് കർഷകരുടെ ആവശ്യം.
ഒറ്റൂർ പഞ്ചായത്തിലെ
പാടശേഖരങ്ങൾ
മാവിൻമൂട്,മുള്ളറംകോട്,ശ്രീനാരായണപുരം,ഒറ്റൂർ,മാമ്പഴക്കോണം എന്നീ അഞ്ച് പാടശേഖരങ്ങൾ
60 ഹെക്ടറോളം നെൽപ്പാടങ്ങൾ. ഇതിൽ 40 ഹെക്ടറോളം പാടങ്ങളിൽ ഇപ്പോഴും നെൽക്കൃഷിയുണ്ട്.
ജലസേചന സൗകര്യമില്ല
ജലസേചന സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ മഴയെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്.ആറ് തലക്കുളങ്ങളും തോടുകളുമുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കർഷകർക്ക് പ്രയോജനപ്പെടുന്നില്ല.
തരിശായി
20 ഹെക്ടറോളം നെൽപ്പാടങ്ങൾ ഇവിടെ തരിശായി കിടക്കുന്നുണ്ട്.ഇതിൽ ഭൂരിഭാഗവും മണ്ണിട്ട് നികത്തിയും മരച്ചീനി, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്തും നെൽവയലിന്റെ സ്വഭാവം നഷ്ടപ്പെട്ടവയാണ്.അവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
വയൽ നികത്തലും
പഞ്ചായത്തുതല തണ്ണീർത്തട സംരക്ഷണസമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ വയൽ നികത്തൽ നടക്കുന്നുണ്ട്.ആവശ്യമില്ലാത്തയിടങ്ങളിൽ അശാസ്ത്രീയമായി തടയണ നിർമ്മിക്കുകയും കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് പൊളിച്ചുമാറ്റുകയും ചെയ്തു.