നാട്ടുകാര്‍ നിരീക്ഷിച്ചു, പിന്നെ പരാതി നല്‍കി; ഒടുവില്‍ സ്ഥാപനത്തിന് പൂട്ടിട്ട് അധികൃതര്‍

Friday 26 July 2024 6:34 PM IST

ആലപ്പുഴ: സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള് വില്‍പ്പന നടത്തിയിരുന്ന കട ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു.കടയുടമ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാരുംമൂട് പാലേല്‍ ഗ്രാമപഞ്ചായത്തിലെ മാമ്മൂട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് അധികൃതര്‍ പൂട്ടിയത്.

കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. സമീപ പ്രദേശങ്ങളിലുള്ള സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ വാങ്ങാറുണ്ടെന്ന് സമീപവാസികളടക്കം പരാതിപ്പെട്ടിരുന്നു. പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്ന കടയില്‍ ഇന്നലെയാണ് പൊലീസ് റെയ്ഡ് നടത്തിയത്.

6 മാസം മുമ്പും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ജി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കടപൂട്ടി സീല്‍ ചെയ്തത്. എസ് ഐ നിധീഷും സംഘവുമാണ് പരിശോധന നടത്തി പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

കേരളത്തില്‍ നിരോധനമുണ്ടെങ്കിലും ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇപ്പോഴും പുകയില ഉത്പന്നങ്ങള്‍ സുലഭമായി തന്നെ ലഭിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാക്കറ്റിന് 10 മുതല്‍ 25 രൂപയ്ക്ക് വരെ വാങ്ങുന്ന സാധനം കേരളത്തിലെത്തിച്ച് വില്‍ക്കുന്നത് 100 മുതല്‍ 150 രൂപയ്ക്ക് വരെയാണ്.

Advertisement
Advertisement