കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്ക് തകർപ്പൻ ജയം; മുഴുവൻ സീറ്റും പിടിച്ചെടുത്തു

Tuesday 30 July 2019 7:45 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മിന്നും വിജയം. മുഴുവൻ സീറ്റിലും എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു,​ മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാർത്ഥിനിയായ ടി കെ ശിശിരയാണ് യൂണിവേഴ്സിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

ശിശിരയ്ക്ക് 75 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ അലൻ ജോ റെജിയ്ക്ക് 38 വോട്ടുകളാണ് നേടാനായത്. മുന്നാട് പീപ്പിൾസ് കോളജ് വിദ്യാർത്ഥിയായ ടി.കെ.വിഷ്ണുരാജാണ് ജനറൽ സെക്രട്ടറി. പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് കോളജിലെ പി.ദർശനയാണ് ലേഡി വെെസ് ചെയർപേഴ്സൺ. ഡോ പി കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ എം.വി.അനൂപ് വെെസ് ചെയർമാനായപ്പോൾ ജോയിന്റ് സെക്രട്ടറിയായി പയ്യന്നൂർ കോളജിലെ പ്രണവ് പ്രഭാകരനെയും തിരഞ്ഞെടുത്തു.