വിദ്യാർത്ഥിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, ദുരൂഹത ആരോപിച്ച് പിതാവ്
മാന്നാർ : സൈക്കിളിൽ പോകുകയായിരുന്ന പതിനൊന്നുകാരന് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ച് പിതാവ് ജില്ലാ പൊലീസ് മേധാവിക്കും ശിശുസംരക്ഷണസമിതിക്കും പരാതി നൽകി.
പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന മാന്നാർ കുട്ടമ്പേരൂർ ഹാപ്പി വില്ലയിൽ അഭിലാഷ് ബാബുവിന്റെ മകൻ നിലാമൗലിയെയാണ് (11) 4ന് വൈകിട്ട് കുട്ടമ്പേരൂർ എണ്ണക്കാട് റോഡിൽ ചാപ്പനാട് മഠത്തിന് മുമ്പിൽവച്ച് വാഹനമിടിച്ചിട്ടത്. അമിതവേഗതയിലെത്തിയ വെള്ള ഇന്നോവ കാർ പിന്നിൽ നിന്ന് ഇടിച്ചിടുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കും ശരീരമാസകലം മുറിവും ചതവും പറ്റിയ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹനം കടന്നുകളഞ്ഞു. പിതാവ് അഭിലാഷ് ബാബുവാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞിട്ടും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കുട്ടിയെ വാഹനം ഇടിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച് അഭിലാഷ് പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങൾക്ക് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുപത് ദിവസം കഴിഞ്ഞിട്ടും കുട്ടിയുടെ മൊഴിയെടുത്തിട്ടില്ലെന്നും പിതാവ് നൽകിയ സി.സി.ടി.വി ദൃശ്യങ്ങൾ അല്ലാതെ പൊലീസ് യാതൊരു തെളിവും ശേഖരിച്ചിട്ടില്ലന്നും കുടുംബം ആരോപിക്കുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ സൈക്കിളും ഇപ്പോൾ കാണാനില്ല. തന്നോട് ചിലർക്കുള്ള വ്യക്തിവൈരാഗ്യം കാരണം മകനെ മനപ്പൂർവ്വം കൊലപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന സംശയവും അഭിലാഷ് പരാതിയിൽ പറയുന്നുണ്ട്.