അച്ചാറ് നൽകാത്ത ഹോട്ടലുടമയ്ക്ക് പിഴ 35,025 രൂപ!

Saturday 27 July 2024 12:51 AM IST

വില്ലുപുരം: പൊതിഞ്ഞു കൊടുത്ത ഊണിൽ അച്ചാറില്ല. പരാതിയുണ്ടായപ്പോൾ വില്ലുപുരത്തെ ബാലമുരുകൻ ഹോട്ടലധികൃതർ വേണ്ടത്ര ഗൗനിച്ചില്ല. അതിന് ഉടമ നൽകേണ്ടി വരുന്നത് 35,025 രൂപ! വില്ലുപുരം വഴുദറെഡ്ഡിയിൽ താമസിക്കുന്ന സി.ആരോഗ്യസാമിയുടെ പരാതിയിൽ ജില്ലാ ഉപഭോക്തൃകോടതിയാണ് പിഴ വിധിച്ചത്.

2022 നവംബർ 28ന് ബന്ധുവിന്റെ ഒന്നാം ചരമവാർഷികത്തിന് വിതരണം ചെയ്യാനായിആരോഗ്യസാമി 25 പൊതിച്ചോറിനായി 2000 രൂപ ഹോട്ടലുടമയ്ക്കു നൽകി. രസീത് ചോദിച്ചപ്പോൾ കടലാസിലെഴുതി കൊടുത്തു. ചോറുപൊതി തുറന്നതോടെ അച്ചാറില്ലെന്നു ബോദ്ധ്യമായി. ഒരു രൂപ വീതം വിലയുള്ള 25 പാക്കറ്റുകളാണ് ചോറിനൊപ്പം നൽകാതിരുന്നത്. 25 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യസാമി എത്തിയെങ്കിലും ഹോട്ടലുടമ ആവശ്യം നിഷേധിച്ചു.

ഉപഭോക്തൃ സംഘടനയുടെ ഭാവാഹികൂടിയായ ആരോഗ്യസാമി 2023 സെപ്തംബറിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി. കമ്മീഷൻ അദ്ധ്യക്ഷൻ ഡി.സതീഷ് കുമാറും അംഗങ്ങളായ എസ്,എം മീര, കെ അമലയും പരാതി പരിഗണിച്ചു. അന്വേഷണത്തിനൊടുവിൽ ഹോട്ടലുടമയ്ക്ക് പിഴയും വിധിച്ചു.

ഹർജിക്കാരനുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാരച്ചെലവായി 5000 രൂപയും കാണാതായ അച്ചാർ പാക്കറ്റുകൾക്ക് 25 രൂപയും കൂട്ടി 35,025 രൂപ നൽകണമെന്നാണ് ഉത്തരവ്. 45 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ തുകയുടെ ഒമ്പത് ശതമാനം പലിശ നൽകമെന്നും ഉത്തരവിലുണ്ട്.

Advertisement
Advertisement