കുപ്രസിദ്ധ മെക്‌സിക്കൻ മാഫിയാ തലവൻ സാംബാഡ അറസ്റ്റിൽ

Saturday 27 July 2024 7:15 AM IST

മെക്സിക്കോ സിറ്റി : കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകൻ ഇസ്‌മായേൽ ' മായോ" സാംബാഡ യു.എസിൽ അറസ്റ്റിൽ. വർഷങ്ങളായി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്ന ഇയാൾ മെക്സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ്.

16 ാം വയസുമുതൽ കുറ്റകൃത്യങ്ങളുടെ ലോകത്തുള്ള ഇയാൾ ഇതേ വരെ ജയിലിൽ കിടന്നിട്ടില്ല. വ്യാഴാഴ്ച ടെക്സസിലെ എൽ പാസോയിൽ നിന്നാണ് 76കാരനായ സാംബാഡയെ പിടികൂടിയത്. ഇയാൾ പൊതുവെ വാർത്തകളിൽ ഇടംനേടാതെ കഴിയാൻ ശ്രമിച്ചെങ്കിലും യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ റഡാറിനുള്ളിലായിരുന്നു.

രാജ്യത്തേക്ക് കൊക്കെയ്ൻ, ഹെറോയ്ൻ, മെത്താംഫെറ്റാമൈൻ, ഫെന്റാനൈൽ തുടങ്ങിയവ കടത്തിയിരുന്ന സാംബാഡയെ പറ്റി വിവരം നൽകുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികം യു.എസ് പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മറ്റൊരു ലഹരിമാഫിയാ തലവനായ വാകീൻ ഗുസ്മാൻ ലോപ്പസും സാംബാഡയ്ക്കൊപ്പം അറസ്റ്റിലായി.

സിനലോവ കാർട്ടലിന്റെ സ്ഥാപകനും കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വാകീൻ ഗുസ്മാൻ എന്ന ' എൽ ചാപ്പോ'യുടെ മകനാണ് ലോപ്പസ്. എൽ ചാപ്പോ നിലവിൽ യു.എസിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.

മെക്സിക്കോയിലെ സിനലോവ നഗരത്തിൽ ജനിച്ച സാംബാഡ ദീർഘകാലം സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു. എൽ ചാപ്പോ അറസ്റ്റിലായതോടെ കാർട്ടലിന്റെ മുതിർന്ന നേതാവായി സാംബാഡ മാറി.

കർഷകനായിരുന്ന ഇയാൾ 1980 - 1990 കാലയളവിൽ ഹ്വാരസ് കാർട്ടലിലെ അംഗമായിരുന്നു. സഹോദരൻ, രണ്ട് മക്കൾ, സഹോദരീ പുത്രൻ എന്നിവർ സമീപ വർഷങ്ങളിൽ അറസ്റ്റിലായതോടെ സാംബാഡ സമ്മർദ്ദത്തിലായിരുന്നെന്ന് പറയുന്നു.

Advertisement
Advertisement