വാഹനം ഓടിക്കുന്നതിനിടെ സ്‌കൂൾ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; മരണത്തിന് കീഴടങ്ങിയത് 20 കുട്ടികളെ രക്ഷിച്ച ശേഷം

Saturday 27 July 2024 8:43 AM IST

കോയമ്പത്തൂര്‍: വേദന കൊണ്ട് പിടയുന്നതിനിടെ ഇരുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തമിഴ്നാട്ടിലെ ഒരു സ്കൂള്‍ ബസ് ഡ്രൈവര്‍. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സെമലയ്യപ്പൻ ( 49 ) ആണ് മരിച്ചത്. നാടിനാകെ അഭിമാനവും വേദനയുമായിരിക്കുകയാണ് സോമലയപ്പൻ.

സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ സെമലയ്യപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും മറന്ന് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സെമലയ്യപ്പൻ മരണത്തിന് കീഴടങ്ങിയത്.

ഒരു വർഷം മുമ്പാണ് അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിൽ ബസ് ഡ്രൈവറായി സോമലയപ്പന്‍ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ലളിത സ്‌കൂൾ ബസിൽ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഡ്രൈവറുടെ സൽപ്രവൃത്തിയെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. യഥാര്‍ഥ ഹീറോ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിച്ചത്. സെമലയ്യപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.