പാരിസ് ഒളിമ്പിക്‌സിൽ എല്ലാ കണ്ണുകളും നിത അംബാനിയിൽ; അതിനൊരു കാരണമുണ്ട്

Saturday 27 July 2024 11:50 AM IST

പാരീസ്: കഴിഞ്ഞ ദിവസമാണ് കായിക മാമാങ്കമായ ഒളിമ്പിക്സിന് പാരിസിൽ തുടക്കമായത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് നിത അംബാനിയായിരുന്നു. അവരുടെ ഫാഷൻ സെൻസ് തന്നെയാണ് അതിനുകാരണം.

ഭർത്താവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്കൊപ്പമാണ് നിത അംബാനി ചടങ്ങിൽ പങ്കെടുത്തത്. സാരി ഏറെ ഇഷ്ടമുള്ളയാളാണ് നിത അംബാനി. ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന രീതിയിൽ ഐവറി സാരിയിലായിരുന്നു അവർ ചടങ്ങിൽ പങ്കെടുത്തത്.

ഒപ്പം സാരിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ആഭരണങ്ങളും ധരിച്ചു. പലനിറത്തിലുള്ള പൂക്കളും പക്ഷികളുമൊക്കെ സാരിയിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. വിലകൂടിയ സാരിക്കൊപ്പം അതിന് യോജിച്ച ഹാഫ് സ്ലീവ് ബ്ലൗസും ധരിച്ചു.

ഡയമണ്ടിന് പകരം വെള്ള പേൾ മാലയായിരുന്നു ഇത്തവണ നിത അംബാനി തിരഞ്ഞെടുത്തത്. അതിന് അനുയോജ്യമായ കമ്മലും തിരഞ്ഞെടുത്തു. ഒറ്റനോട്ടത്തിൽ സിംപിൾ ലുക്ക് ആയിരുന്നു. കൈയിൽ ഒരു വലിയ ഡയമണ്ട് മോതിരവും ഒരു ഡയമണ്ട് വളയും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി വീണ്ടും അവരെ അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.