ഒരിക്കൽ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ സഹായത്തിനുവിളിച്ചു, ജോൺ വിജയ് പൊതുശല്യമെന്ന് ഗായിക

Saturday 27 July 2024 3:15 PM IST

നടൻ ജോൺ വിജയ്​ പൊതുശല്യമാണന്ന് ഗായിക ചിന്മയി ശ്രീപാദ. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ് നടനെന്നും, ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണെന്നും ചിന്മയി വിമർശിച്ചു.

"ഈ മനുഷ്യൻ പൊതുജനങ്ങൾക്കും ഒരു ശല്യമാണ്. ഇയാൾ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരംസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാൾ പിന്നാലെയുണ്ടാവും. ഒരിക്കൽ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ സഹായത്തിനുവിളിച്ചു." സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചിന്മയി പറയുന്നു.

അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാദ്ധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പര്‍ശിച്ചുവെന്നാണ് മാദ്ധ്യമപ്രവർത്തകയുടെ പരാതി. ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർ പോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്നും മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഇതിനുപിന്നാലെയാണിപ്പോൾ ചിന്മയി സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല ജോൺ വിജയ് ലൈംഗിക അതിക്രമ ആരോപണങ്ങൾ നേരിടുന്നത്. മീ ടൂ മൂവ്മെന്റ് കത്തിനിൽക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ നടനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് രം​ഗത്തെത്തിയിരുന്നു.