ഏലം എസ്റ്റേറ്റിൽ ബോംബെറിഞ്ഞ് വടിവാളിന് ആക്രമണം; 5 പേർക്ക് വെട്ടേറ്റു

Sunday 28 July 2024 1:43 AM IST

അടിമാലി: ഏലം എസ്റ്റേറ്റിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വടിവാൾ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കുരിശുപാറയ്ക്ക് സമീപം കല്ലാർവാലി ഏലം എസ്റ്റേറ്റിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ലീസിന് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്രമസംഭവം അരങ്ങേറിയത്. സംഘർഷത്തിൽ എസ്റ്റേറ്റ് ഉടമയുമായി ബന്ധപ്പെട്ട മൂന്നു പേർക്കും രണ്ട് നാട്ടുകാർക്കുമാണ് വടിവാൾ കൊണ്ടുള്ള വെട്ടേറ്റത്. ചേർത്തല, എരുവേലിയിൽ ബെന്നി തോമസ് (56), വൈറ്റില സ്വദേശി ബിനോയി, എറണാകുളം ആഞ്ഞിലിപ്പാടം ഷെമീർ (42) എന്നിവർ എസ്റ്റേറ്റ് ഉടമയുമായി ബന്ധപ്പെട്ടവരും കല്ലാർ സ്വദേശികളായ കോട്ടുവായക്കൽ സജി (55), കുരിശുപാറ സ്വദേശി റോയി, (48) മംഗലത്ത് രതീഷ് (45) എന്നീ നാട്ടുകാർക്കുമാണ് വടിവാൾ കൊണ്ട് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സീമാൻ (28),​ എണാകുളം സ്വദേശി ഷൗക്കത്തലി (43) സംഘർഷം എന്നിവർക്കെതിരെ കേസെടുത്തു. ഇതുസംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഹൈദ്രാബാദ് എസ്.എസ്.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി കാർഡമം എസ്റ്റേറ്റ് 2021ൽ ഒമ്പത് വർഷത്തേക്ക് കട്ടപ്പന വള്ളക്കടവ് സ്വദേശി ലീസിന് എടുത്തിരുന്നു. ലീസ് വ്യവസ്ഥ പാലിക്കാതെ 18 ഏക്കർ സ്ഥലവും ബഗ്ലാവും ഇയാൾ കൈയേറി. ലീസ് തുകയിനത്തിൽ ഉടമയ്ക്ക് നൽകിയ ചെക്ക് പാസ്സാകാതെ വന്നതിനെ തുടർന്ന് ഹൈദ്രാബാദ് കോടതിയിൽ കേസ്സ് നിലവിലുള്ളതായി കമ്പനി മാനേജർ പറഞ്ഞു. ഇതിനിടയിൽ മധ്യസ്ഥ ചർച്ചയ്ക്കായി കമ്പനി മാനേജർ, സൂപ്രണ്ട്, ലീഗൽ അഡ്വസൈർ എന്നിവരും എസ്റ്റേറ്റിലെ പിരിച്ച് വിടപ്പെട്ട തൊഴിലാളികളും എത്തിയ അവസരത്തിലായിരുന്നു അക്രമം. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം, ബംഗ്ലാവിൽ നിന്ന് ഹെൽമെറ്റ് ധരിച്ചെത്തിയ പത്തോളം യുവാക്കൾ വടിവാളുമായി വെട്ടുകയായിരുന്നു. തുടർന്ന് അടിമാലി പൊലീസ് എത്തിയ ശേഷമാണ് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്‌.

Advertisement
Advertisement