ഫൈനടിക്കുന്നത് മാത്രമല്ല പരിഹാരം

Sunday 28 July 2024 2:48 AM IST

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയുടെ മൃതദേഹം മൂന്നു ദിവസത്തെ കഠിനമായ തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. ഇത്രയും ദിവസം കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും മേയറും മറ്റും കരയിൽ കാത്തിരുന്നു. ഇത്രയധികം മാലിന്യം എങ്ങനെ തോട്ടിലെത്തി എന്നതിനെക്കുറിച്ചായിരുന്നു മാദ്ധ്യമങ്ങളിൽ അന്ന് ചർച്ചയും വാദപ്രതിവാദങ്ങളും നടന്നത്. കോർപ്പറേഷനും ഒന്നുമറിയാത്തതുപോലെ അദ്ഭുതപ്പെട്ടാണ് ജനങ്ങളോടൊപ്പം പ്രതികരിച്ചത്. അതൊരു കാപട്യമായിരുന്നു എന്നതാണ് വാസ്തവം. കോർപ്പറേഷന് അറിയാത്തതല്ല ഇതൊന്നും. നഗരത്തിൽ എത്രമാത്രം അജൈവമാലിന്യം ശേഖരിക്കപ്പെടുന്നുണ്ടെന്നും അതിൽ എത്ര ശതമാനം സംസ്കരിക്കപ്പെടുന്നുണ്ടെന്നും ഏറ്റവും നല്ലപോലെ അറിയാവുന്ന വിഭാഗമാണ് കോർപ്പറേഷൻ. അതൊക്കെ മറച്ചുവച്ച് റെയിൽവേ എന്ന പ്രതിയെ കണ്ടെത്തി ജനങ്ങൾക്കു മുന്നിലെത്തിച്ച് സ്വയം നല്ലപിള്ള ചമയാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.

ജോയിയെ കണ്ടെത്തിയതിനു ശേഷമാകട്ടെ,​ പ്രശ്നം പരിഹരിക്കാൻ ഏറ്റവും എളുപ്പത്തിൽ കോർപ്പറേഷൻ കണ്ടെത്തിയ മാർഗം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഫൈൻ അടിക്കുക എന്ന പ്രക്രിയയാണ്. അപ്പോഴും ജനങ്ങൾ എന്തുകൊണ്ട് മാലിന്യം റോഡിലും തോട്ടിലും വലിച്ചെറിയാൻ നിർബന്ധിതരാകുന്നു എന്നതിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. ഫൈനടിച്ചതുകൊണ്ടു മാത്രം പരിഹരിക്കാൻ പറ്റുന്ന ഒരു പ്രശ്നമല്ലിത്. മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിലൊന്നും പോകേണ്ട കാര്യമില്ല. ഇന്ത്യയിൽത്തന്നെ ഇൻഡോർ ഉൾപ്പെടെയുള്ള പല നഗരങ്ങളും ഇതിനു മാതൃകയായി മുന്നിലുണ്ട്. കേരളത്തിൽത്തന്നെ ഇത് ഭംഗിയായി നടത്തിവരുന്ന പഞ്ചായത്തുകളുമുണ്ട്. മാലിന്യത്തോടുള്ള നമ്മുടെ സമീപനമാണ് ആദ്യം മാറേണ്ടത്. ഇത് എവിടെയെങ്കിലും കൂട്ടിയിടാനും നിർമ്മാർജ്ജനം ചെയ്യാനും മാത്രമേ കഴിയൂ എന്ന ചിന്തയാണ് ആദ്യം മാറേണ്ടത്.

മാലിന്യം സംസ്കരിച്ച് മറ്റ് ഉത്പന്നങ്ങളാക്കി മാറ്റിയാൽ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കാനുള്ള ഒരു സ്രോതസ്സായി ഇതു മാറും. അങ്ങനെ ചിന്തിക്കാനുള്ള കഴിവില്ലാത്തവരല്ല നമ്മുടെ ജനപ്രതിനിധികൾ. പലപ്പോഴും മാലിന്യ നിർമ്മാർജന പ്ളാന്റ് സ്ഥാപിക്കുന്നതിനെ എതിർക്കുന്ന ജനങ്ങൾക്കൊപ്പമാണ് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ അവരും നിൽക്കുന്നത്. ഇതാണ് ഈ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒന്നായി സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം. ഇതിൽനിന്ന് ഒരു മാറ്റം സാദ്ധ്യമായേ മതിയാവൂ. തലസ്ഥാന നഗരമായ തിരുവനന്തപുരം മാലിന്യക്കൂനയായി മാറിയെന്ന അതിനിശിതമായ വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്. മറ്റു തലസ്ഥാന നഗരങ്ങൾ കാഴ്ചയ്ക്ക് വിരുന്നാകുമ്പോൾ സർക്കാരിന്റെ മൂക്കിന്റെ കീഴിലുള്ള തിരുവനന്തപുരത്ത് ഇത്തരത്തിൽ മാലിന്യം അടിയുന്നത് എങ്ങനെയാണെന്നാണ് കോടതി ചോദിച്ചത്.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത് തലസ്ഥാന നഗരിയിൽ മാലിന്യമില്ലാത്ത സ്ഥലങ്ങളില്ലെന്നാണ്. കോർപ്പറേഷന്റെ ഫൈനടി ഒരു ഭാഗത്തു നടക്കുമ്പോൾ സർക്കാർ വാഹനങ്ങളിൽ നിന്നുപോലും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത് പരിഹരിച്ചേ മതിയാവൂ. ഇല്ലെങ്കിൽ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് സർക്കാർ ഏറ്റുപറയണം. ഇതു പരിഹരിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനു കീഴിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. ആ സംവിധാനത്തിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിനൊപ്പം ഭരണത്തിന്റെ മുകൾത്തട്ടിലുള്ളവർ പിന്തുണയും നൽകണം. അങ്ങനെയെന്തെങ്കിലും ചെയ്തില്ലെങ്കിൽ ആമയിഴഞ്ചാൻ തോട്ടിൽ അടുത്ത രക്തസാക്ഷി ഉണ്ടാകുന്നതിന് അധികനാൾ വേണ്ടിവരില്ല.