'എന്നെ ആദ്യമായിട്ട് മോണോ ആക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്, പുള്ളി ഭയങ്കര അഭിനയമായിരുന്നു'; നടൻ നോബി

Sunday 28 July 2024 12:25 PM IST

കോമഡി താരങ്ങളും, നടന്മാരുമായ നോബി മാർക്കോസും അഖിൽ കവലയൂരും മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴിതാ ഒരു ചാനൽ ഷോയ്ക്കിടെ ഇരുവരും നടത്തിയ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

താനും അഖിലും തമ്മിൽ ഇരുപത് വർഷത്തെ സൗഹൃദമാണുള്ളതെന്ന് നോബി പറയുന്നു. അതിനിടയിൽ ഇതുവരെ പിണങ്ങിയിട്ടില്ലെന്നും താരങ്ങൾ പറഞ്ഞു. താനും എ എ റഹീം എംപിയും അയൽക്കാരാണെന്ന് നോബി പറയുന്നു.

'എന്നെ ആദ്യമായിട്ട് മോണോ ആക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്. പുള്ളി ഭയങ്കര അഭിനയമായിരുന്നു സ്‌കൂളിൽ പഠിക്കുന്ന സമയത്ത്. പുള്ളിയുടെ നാടകങ്ങളെല്ലാം ഭയങ്കര വൈറലായിരുന്നു.'- നോബി പറഞ്ഞു.

താൻ എവിടെ ചെന്നാലും റഹീം അണ്ണന്റെ ഡ്യൂപ്പാണെന്ന് പറയുമെന്ന് അഖിലും വ്യക്തമാക്കി. 'പലരും കമന്റിടാറുണ്ട്. റഹീം അണ്ണന്റെ അടുത്തും ആൾക്കാർ പറയുമെന്ന്. ടിവിയിലൊക്കെ ഒരു പുള്ളിയുണ്ട്, നിങ്ങൾ അതുപോലെയാണെന്ന് പറഞ്ഞെന്ന് അണ്ണൻ പറഞ്ഞു.'- അഖിൽ പറഞ്ഞു. 'ഇരുപത് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പരിചയപ്പെട്ടതിനെപ്പറ്റിയും ഇരുവരും പറയുന്നുണ്ട്. 'കലാകാരന്മാരെ ആവശ്യമുണ്ടെന്ന് പത്രത്തിൽ പരസ്യം കണ്ടു. സ്‌കൂൾ അടച്ചിരിക്കുകയല്ലേ. ഞാൻ ഒരു കാർഡ് കവലയൂരിൽ നിന്നും ഇവൻ ഒന്ന്‌ വെഞ്ഞാറമൂടിൽ നിന്നും എഴുതിവിട്ടു. അവർ ഞങ്ങളെ വിളിപ്പിച്ചു. രണ്ടുപേർക്കും പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. വലിയൊരു ഷോ ആയിരുന്നു അത്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ടായിരുന്നു. നമ്മുടെ അരുൺ അണ്ണൻ, ഡോ. അരുണൊക്കെ ഉണ്ടായിരുന്നു. പുള്ളിയായിരുന്നു മെയിൻ ഭടൻ. ഞാൻ ഇവൻ ബിരിയാണി സിനിമയുടെ സംവിധായകൻ സജിൻ ബാബു...ഞങ്ങളെല്ലാവരുമായിരുന്നു. ഏഴ് ദിവസം റിഹേഴ്സൽ, ഏഴ് ദിവസം പ്രോഗ്രാം. നല്ല പൈസയായിരുന്നു കിട്ടിയത്. പതിനാല് ദിവസം പതിനാലായിരം രൂപ കിട്ടി.'- ഇരുവരും പറഞ്ഞു.