ഈശ്വർ മൽപെയുടെ പരിശോധന കഴിഞ്ഞാൽ പിന്നെയെന്ത്? തെരച്ചിലിന് പ്ലാൻ ബി ഇല്ലെന്ന് അഷ്റഫ് എംഎൽഎ  

Sunday 28 July 2024 2:34 PM IST

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ദൗത്വം അനിശ്ചിതത്വത്തിലെന്ന് എ കെ എം അഷ്റഫ് എംഎൽഎ. ഉത്തര കർണാടകയിലെ ജില്ലാ ഭരണകൂടത്തിന് പ്ലാൻ ബി ഇല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഈശ്വർ മൽപെയുടെ പരിശോധന കഴിഞ്ഞാൽ ഇനിയെന്തെന്ന് അറിയില്ലെന്നും ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് പ്ലാൻ ബി തീരുമാനിക്കണമെന്നും മഞ്ചേശ്വരം എംഎൽഎ പറഞ്ഞു.

ഇന്ന് രണ്ട് തവണ ഈശ്വർ മൽപെ പുഴയിലിറങ്ങി. പുഴയുടെ ഒഴുക്ക് നേരിയ തോതിൽ കുറഞ്ഞെന്നും രണ്ട് പോയിന്റുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നതെന്ന് ഈശ്വർ മൽപെ അറിയിച്ചു. പുഴയിലെ ഒഴുക്കും ചെറിയ രീതിയിൽ കുറഞ്ഞു.

അതേസമയം, അർജുനായി ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൻ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും നദിയിൽ ഇറക്കാൻ സാധിക്കില്ലെന്ന് എംഎൽഎ പറഞ്ഞു.

ഗംഗാവലി അപകടം നിറഞ്ഞ നദിയാണെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഇതുവരെ തകരഷീറ്റുകളും തടികളും വെെദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വർ മൽപെ പറഞ്ഞു.