സിദ്ദിഖ് മുത്തച്ഛനായി, ആഹ്ളാദത്തിൽ കുടുംബം
മലയാളത്തിന്റെ പ്രിയതാരം സിദ്ദിഖിന് പേരക്കുട്ടി ജനിച്ചു. സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദിഖിനും മരുമകൾ ഡോ. അമൃതദാസിനും പെൺകുട്ടി പിറന്നു. അമൃത തന്നെയാണ് ഈ വാർത്ത ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. കുഞ്ഞു കാലുകളുടെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചു. രണ്ട് കുഞ്ഞിക്കാലുകൾ കൊണ്ട് ഞങ്ങളുടെ വീട് അല്പം കൂടി വളർന്നിരിക്കുന്നു. അമൃതദാസിന്റെ വാക്കുകൾ ജൂലായ് പത്തിനാണ് ഷാഹിനും അമൃതയ്ക്കും കുഞ്ഞ് പിറന്നത്. എങ്കിലും ഇപ്പോഴാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. 2022 മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞമാസമാണ് സിദ്ദിഖിന്റെ മൂത്ത മകൻ സാപ്പി വിടപറഞ്ഞത്. മകന്റെ മരണം സിദ്ദിഖിനെ ഏറെ അലട്ടിയിരുന്നു. ഈ വിഷമങ്ങൾക്കിടയിലാണ് കുടുംബത്തിൽ ആഹ്ളാദം നൽകുന്ന വിശേഷം എത്തുന്നത്. മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ഷാഹിൻ സിദ്ദിഖ് അഭിനയ രംഗത്തേക്ക് എത്തുന്നത്.