തലസ്ഥാനം​ നടുങ്ങി; വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു

Monday 29 July 2024 1:43 AM IST

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് ഒന്നരക്കിലോമീറ്റർ അകലെ,​ അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വീട്ടിലെത്തി സ്ത്രീയെ വെടിവച്ച സംഭവത്തിൽ നഗരം നടുങ്ങി. പടിഞ്ഞാറേകോട്ട ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലൈൻ പങ്കജിൽ ഷിനിയെ കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭർതൃപിതാവിന്റെ മുന്നിൽ വച്ച് വെടിയുതിർത്തതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് പൊലീസ് നിഗമനം.

ആക്രമണം നടത്തിയ സ്ത്രീ ആരാണ്,​​ അതീവധൈര്യത്തോടെ ഇത്തരമൊരു കൃത്യത്തിന് തയ്യാറായതിന് പിന്നിലെ കാരണമെന്ത്,​ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടവഴലിയിലുള്ള വീട്ടിലെത്തി വെടിയുതിർത്ത ശേഷം പിടിക്കപ്പെടാതെ എങ്ങനെ രക്ഷപ്പെടാനായി തുടങ്ങിയ ചോദ്യങ്ങൾക്കാണ് പൊലീസ് ഉത്തരം കണ്ടെത്തേണ്ടത്. സ്ത്രീകൾ തമ്മിലുള്ള നിസാര പ്രശ്നങ്ങൾക്കോ മുൻവൈരാഗ്യങ്ങൾക്കോ അപ്പുറം മറ്റ് കാരണങ്ങളുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലാൻ തന്നെയായിരുന്നോ അക്രമിയുടെ ശ്രമമെന്നും അറിയണം.

അതേസമയം മാലിയിൽ ജോലി നോക്കുന്ന ഷിനിയുടെ ഭർത്താവ് സുജിത്ത് ബി. നായർ ഇന്നലെ നാട്ടിലെത്തി. പൊലീസ് ഇദ്ദേഹത്തിന്റെയും മൊഴിയെടുക്കും. ജോലി സംബന്ധമായി ഇയാൾക്ക് എവിടെയെങ്കിലും ശത്രുക്കൾ ഉണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്. ഷിനിയോടോ കുടുംബത്തിനോടോ മുൻവൈരാഗ്യമുള്ളവരാകും സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പൊലീസിന് അഭിമാന പ്രശ്നം

സംഭവത്തിൽ പ്രതിയെ ഉടൻ കണ്ടെത്തേണ്ടത് പൊലീസിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. തലസ്ഥാന നഗരത്തിൽ വീട്ടിൽപ്പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നുള്ള ആരോപണങ്ങൾക്ക് ഇത് വഴിവച്ചേക്കാം. ഇതു മുന്നിൽക്കണ്ട് പഴുതടച്ച അന്വേഷണമാണ് സിറ്റി പൊലീസ് കമ്മിഷണൻ സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ഞെട്ടിത്തരിച്ച് കുടുംബം

തിരുവനന്തപുരം: 'രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെയാണ് കാളിംഗ് ബെല്ല് കേട്ടത്. വാതിൽ തുറന്നപ്പോൾ മുഖം തലയുൾപ്പെടെ മറച്ച സ്ത്രീ,​ ഷിനി ഇവിടെയാണോ താമസിക്കുന്നതെന്ന് ചോദിച്ചു. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഒരു രജിസ്റ്റേർഡ് ഉണ്ടെന്നും ഷിനി ഒപ്പിട്ടാലേ കൊടുക്കൂവെന്നും പറഞ്ഞു. ഷിനിക്ക് മിക്കവാറും കൊറിയർ വരാറുണ്ടെങ്കിലും ഒപ്പിടണമെന്ന് ആരും നിർബന്ധം പറഞ്ഞിട്ടില്ല. ഷിനിയെ വിളിച്ചു. പേന കൂടി എടുക്കാൻ സ്ത്രീ ആവശ്യപ്പെട്ടു. പേനയുമായെത്തിയ ഷിനിക്കുനേരെ അവർ വലിയ ഷീറ്റ് പേപ്പറും കവറും എടുത്ത് നീട്ടി. ഒപ്പിടാൻ ഒരുങ്ങിയതും വെടിവച്ചു. ഷിനി കൈ കൊണ്ട് തടഞ്ഞതിനാൽ ഉള്ളം കൈയിൽ വെടിയേറ്റു. പിന്നീട് തറയിൽ രണ്ടു തവണ വെടിവച്ചു. പുറത്തേക്ക് ഓടിയ സ്ത്രീയുടെ പിന്നാലെ പോകാൻ തുനിഞ്ഞെങ്കിലും തനിക്ക് നേരെ വെടിവയ്ക്കുമെന്ന് ഭയന്ന് ഭാര്യയും മകളും പോകാൻ അനുവദിച്ചില്ല. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അവർ ആരെയും കണ്ടില്ല". മരുമകൾക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറാതെ കെ.ഭാസ്ക്കരൻ നായർ പറഞ്ഞു. ഷിനിയുടെ രണ്ട് ചെറിയ മക്കളുൾപ്പെടെ അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയി. അത്യാവശ്യം ഉയരമുള്ള,​ ആരോഗ്യമുള്ള സ്ത്രീയാണ് ആക്രമണം നടത്തിയതെന്നും ഭാസ്ക്കരൻ നായർ പറഞ്ഞു.

Advertisement
Advertisement