കാലവർഷം, മിന്നൽ ചുഴലി ‌; വൈദ്യുതി വകുപ്പിന് നഷ്ടം 30 കോടി

Monday 29 July 2024 12:09 AM IST
ഇരിട്ടി നരിക്കുണ്ടം റോഡിൽ ഇന്നലെ ഉണ്ടായ മിന്നൽ ചുഴലിയിൽ വീണ വൈദ്യുതി പോസ്റ്റുകളിൽ ഒന്ന്‌

മിന്നൽ ചുഴലിയിൽ മാത്രം നഷ്ടം 6 കോടി

204 ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നു

880 ലോടെൻഷൻ പോസ്റ്റുകൾ തകർന്നു

2200 ഇടത്ത് ലൈനുകൾ മുറിഞ്ഞുവീണു

1900 ട്രാൻസ്ഫോമറുകൾ തകരാറിലായി

കണ്ണൂർ: ഈ കാലവർഷത്തിൽ കണ്ണൂർ ജില്ലയിൽ കെ.എസ്.ഇ.ബിക്കുണ്ടായത് മുപ്പതു കോടിയുടെ നഷ്ടം. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ മാത്രമുണ്ടായത് ആറ് കോടിയുടെ നഷ്ടവും. 204 ഹൈടെൻഷൻ പോസ്റ്റുകളും 880 ലോടെൻഷൻ പോസ്റ്റുകളും തകർന്ന് വീണു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റ് പ്രധാനമായും കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള ചാലോട്, മയ്യിൽ, ചക്കരക്കൽ, പാപ്പിനിശ്ശേരി, ഏച്ചൂർ, കോളയാട്, കൊളച്ചേരി, കതിരൂർ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വൈദ്യുത ശൃംഖലയ്ക്കാണ് വൻ നാശം വിതച്ചത്. ഈ മേഖലയിലെ 2688 ട്രാൻസ്ഫോർമറുകളുടെ കീഴിൽ 5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്കുണ്ടായിരുന്ന വൈദ്യുതി തടസം നേരത്തെ തന്നെ പരിഹരിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലുമുണ്ടായ തീവ്രമായ കാറ്റ് വൈദ്യുതി വിതരണ മേഖലയാകെ തകരാറിലാക്കുന്ന സ്ഥിതിയിലായിരുന്നു. ശ്രീകണ്ഠപുരം സർക്കിളിനു കീഴിലെ എല്ലാ സെക്ഷനുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. കാസർകോട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ മുള്ളേരിയ, രാജപുരം, നല്ലോമ്പുഴ, ഭീമനടി സെക്ഷനുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.

വൈദ്യുതി തൂണുകൾ നിലം പൊത്തിയതിനുപുറമെ 2200 സ്ഥലങ്ങളിലായി വൈദ്യുതി ലൈനുകൾ മുറിഞ്ഞും നഷ്ടമുണ്ടായി. 1900 ട്രാൻസ്ഫോമറുകൾ വൈദ്യുതി എത്താതെ പ്രവർത്തന രഹിതമായി.

സംസ്ഥാനത്ത് 51.4 കോടിയുടെ നഷ്ടം

കണക്കുകൾ പ്രകാരം വിതരണ മേഖലയിൽ ഏകദേശം 51.4 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ട സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം 1694 ഹൈടെൻഷൻ പോസ്റ്റുകളും 10,836 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് ഹൈടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു.

നേരത്തെ മറ്റു ജില്ലകളിൽ നിന്ന് ജീവനക്കാരേയും കരാറുകാരേയും എത്തിച്ചാണ് കെ.എസ്.ഇ.ബി പ്രശ്നം പരിഹരിച്ചിരുന്നത്. ഇത്തവണ സമീപ ജില്ലകളിലും മിന്നൽചുഴലി നാശനഷ്ടങ്ങൾ വരുത്തിയതോടെ ഇത് സാദ്ധ്യമായിട്ടില്ല. പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ സമയമെടുക്കും.

കെ.എസ്.ഇ.ബി അധികൃതർ

Advertisement
Advertisement