ആയിരത്തിലേറെ പരിശീലന കേന്ദ്രങ്ങൾ;തെരുവിൽ സമരം
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും സിവിൽ സർവീസ് തുടങ്ങിയവയ്‌ക്കും തയ്യാറെടുക്കാൻ ആയിരത്തിൽപ്പരം പരിശീലനകേന്ദ്രങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗവും പ്രവർത്തിക്കുന്നത് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണെന്ന്, ഇന്നലെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികൾ വ്യക്തമാക്കി. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സ്ഥാപന ഉടമകളും ഉദ്യോഗസ്ഥരുമായി ഒത്തുകളിക്കുകയാണെന്ന് വിദ്യാർത്ഥികൾ കേരള കൗമുദിയോട് പറഞ്ഞു. സംഭവം നടന്ന ഓൾഡ് രജീന്ദർ നഗർ മേഖലയിലും നിരവധി കോച്ചിംഗ് സെന്ററുകളുണ്ട്. കുറച്ചു ദിവസമായി മഴ കാരണം വെള്ളം ഇവിടെ കുത്തിയൊലിക്കുന്നു.
സംഭവം നടന്ന ശനിയാഴ്ച രാത്രി തന്നെ വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. നൂറുകണക്കിന് പേർ . ഓൾഡ് രജീന്ദർ നഗർ മേഖലയിൽ തടിച്ചുകൂടി. പൊലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ പ്രധാനപാതയായ പുസാ റോഡിലേക്ക് ഉപരോധസമരം വ്യാപിച്ചു. ഇതോടെ കൂടുതൽ പൊലീസ് സംഘത്തെയും ദ്രുതകർമ സേനയെയും മേഖലയിൽ നിയോഗിച്ചു. വൈകീട്ടോടെ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കി. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി കേസെടുക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ലാത്തിച്ചാർജ്
ഡൽഹി മേയർ ഷെല്ലി ഒബ്റോയിയുടെ വസതിയിലേക്ക് എ.ബി.വി.പി പ്രവർത്തകർ മാർച്ച് നടത്തി. വീടിന് മുന്നിലെ ബോർഡിൽ കരി ഓയിൽ അടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി പ്രയോഗിച്ചു.