കേരളകൗമുദി 'ഗ്രോയിംഗ് തൃശൂർ' കോൺക്ലേവ് 'തൃശൂരിന് വളർച്ചയുടെ ആകാശം: തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കണം'

Monday 29 July 2024 12:00 PM IST

തൃശൂർ: വികസനമേഖലയിൽ ജില്ലയ്ക്ക് അനന്തസാദ്ധ്യതകൾ ബാക്കിയാണെന്നും അതിന് തദ്ദേശസ്ഥാപനങ്ങളും കൈകോർക്കണമെന്നും കേരളകൗമുദി ജനരത്‌ന 2024 പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് നടന്ന 'ഗ്രോയിംഗ് തൃശൂർ' കോൺക്ലേവ്. രാഷ്ട്രീയത്തിനും പ്രാദേശിക വാദത്തിനും അതീതമായ മനോഭാവവും സഹകരണവും ഇതിന് അനിവാര്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത വിദഗ്ദ്ധർ വിലയിരുത്തി. തൃശൂരിൽ നഗരവത്കരണം അതിവേഗം മുന്നേറുകയാണ്. അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും വെല്ലുവിളികൾ പരിഹരിക്കുകയും വേണം. ജില്ലയുടെ സവിശേഷ പൈതൃകം, ഉത്സവാഘോഷം, കാർഷിക പാരമ്പര്യം, തീരദേശ സമൃദ്ധി തുടങ്ങിയവയെല്ലാം പുതിയൊരു വികസന സംസ്‌കാരത്തിന് അനുകൂലമാണ്. പൂരങ്ങളും പെരുന്നാളും ഘോഷയാത്രകളുമെല്ലാം കാണാനും ആസ്വദിക്കാനും ലോകമാകെയുള്ള ഒട്ടേറെപ്പേർ ആഗ്രഹിക്കുന്നുണ്ട്. അതിന് ഉതകുന്ന വിധം അടിസ്ഥാന വികസനമുണ്ടാകണം. നാടിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്ന തൊഴിലില്ലായ്മ, മാലിന്യ പ്രശ്‌നം തുടങ്ങിയവ ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കണം. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പഞ്ചായത്ത് തലത്തിലടക്കം നൈപുണ്യ വികസന പരിപാടികൾ ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനത്തിന്, മനോഭാവത്തിലെ മാറ്റമാണ് ഏറ്റവും പ്രധാനം. ആശയ ഭിന്നതകൾ മാറ്റി വച്ച് സഹകരണത്തിന്റെ പാതയിലൂടെ തൃശൂർ കൂടുതൽ വളർച്ച നേടുമെന്നും ഹോട്ടൽ ജോയ് സ് പാലസിൽ നടന്ന കോൺക്ലേവ് പ്രത്യാശിച്ചു. പ്രശസ്ത കരിയർ കൺസൾട്ടന്റ് ഡോ.ടി.പി.സേതുമാധവൻ മോഡറേറ്ററായി. മേയർ എം.കെ.വർഗീസ്, കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ, ഐ.എം.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.പവൻ മധുസൂദനൻ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഉപദേശക സമിതിയംഗം ജി.കെ.പ്രകാശ്, സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement