തിരിച്ചടിക്കാൻ ഇസ്രയേൽ-- ഗോലാനിൽ ഹിസ്ബുള്ള ആക്രമണത്തിൽ 12 മരണം

Monday 29 July 2024 5:39 AM IST

 മുന്നറിയിപ്പുമായി ഇറാനും

പശ്ചിമേഷ്യ ഭീതിയിൽ

ടെൽ അവീവ് : ഗാസ യുദ്ധത്തിനൊപ്പം, ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും തമ്മിലുള്ള സംഘർഷം സമ്പൂർണ യുദ്ധത്തിലേക്ക് മാറുമെന്ന ഭീതിയിൽ പശ്ചിമേഷ്യ. ശനിയാഴ്ച ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഗോലാൻ ഹൈറ്റ്സിലെ റോക്കറ്റാക്രമണമാണ് സ്ഥിതി വഷളാക്കിയത്.

ഫുട്ബോൾ ഗ്രൗണ്ടിലുണ്ടായ ആക്രമണത്തിൽ 12 കുട്ടികളും കൗമാരക്കാരുമാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. 1967ലെ യുദ്ധത്തിൽ സിറിയയിൽ നിന്ന് ഇസ്രയേൽ പിടിച്ചടക്കിയതാണ് ഗോലാൻ ഹൈറ്റ്സ്. 40,000ത്തിലേറെ പേർ ഇവിടെ ജീവിക്കുന്നു.

ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് ഇസ്രയേലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതികരിച്ചു. ഹിസ്ബുള്ളയും ലെബനനും എതിർത്തു. തിരിച്ചടിയായി ഇസ്രയേൽ വ്യോമസേന ഇന്നലെ പുലർച്ചെ ലെബനണിലെ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ബോംബിട്ടു. .

ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ലെബനനെ ആക്രമിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഇറാൻ ഇസ്രയേലിനും മുന്നറിയിപ്പ് നൽകി.

ഇറാനും ഹിസബുള്ളയെ പിന്തുണയ്ക്കുന്നു. മദ്ധ്യ ഗാസയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിൽ ഇസ്രയേൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഗോലാനിലെ ആക്രമണം. ലെബനൻ അതിർത്തിയിൽ ഇസ്രയേൽ ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ 450ലേറെ പേർ ലെബനനിൽ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 40 പേരും കൊല്ലപ്പെട്ടു.

 ഇറാൻ റോക്കറ്റ്

തെക്കൻ ലെബനനിലെ ചെബാ ഗ്രാമത്തിൽ നിന്നാണ് റോക്കറ്റ് തൊടുത്തതെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാന്റെ ഫലാക്ക് - 1റോക്കറ്റാണ് ഉപയോഗിച്ചത്. ശനിയാഴ്ച വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള ഇതേ റോക്കറ്റ് പ്രയോഗിച്ചിരുന്നു.

Advertisement
Advertisement