അമേരിക്കയിൽ പാർക്കിൽ വെടിവയ്‌പ്, 20കാരൻ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ന്യൂയോർക്ക്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്‌പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററിൽ പാർക്കിലാണ് സംഭവമുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20നാണ് വെടിവയ്‌പ് നടന്നത്. ഈ സമയം നിരവധി ജനങ്ങൾ ഇവിടെയുണ്ടായിരുന്നു. നിരവധി പേർക്ക് വെടിവയ്‌പിൽ പരിക്കേറ്റു. 20കാരൻ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.
ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. എന്നാൽ നിരവധി ജനങ്ങൾക്ക് നേരെ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വെടിയേറ്റ് ആളുകൾ കിടക്കുന്നതിന്റെയും രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെയും രംഗങ്ങളുണ്ട്. സംഭവമുണ്ടായ ഉടൻ ജനങ്ങൾ ചിതറിയോടി.
വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് വിവരം. 'ഈ സമയം എത്രപേർക്ക് വെടിയേറ്റുവെന്ന് ഞങ്ങൾക്കറിയില്ല. അതറിയാനായി ഞങ്ങൾ ശ്രമം തുടരുകയാണ്.' റോച്ചസ്‌റ്റർ പൊലീസ് ക്യാപ്‌ടൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ സംഭവത്തിൽ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. പെൻസിൽവാനിയ സംസ്ഥാനത്തിലെ ബട്‌ലർ നഗരത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ തുടങ്ങവെയാണ് വെടിവയ്‌പ്പുണ്ടായത്. ട്രംപിന്റെ ചെവിയിൽ തട്ടി വെടിയുണ്ട കടന്നുപോയി. ചോരയൊലിപ്പിച്ച ചെവിയോടെ നിന്ന ട്രംപിനെ ഉടൻ സുരക്ഷാസേന രക്ഷപ്പെടുത്തി.
പ്രസംഗവേദിയുടെ കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തോമസ് മാത്യു ക്രൂക്ക്സ് എന്ന 20കാരൻ വെടിവയ്ക്കുകയായിരുന്നു. അക്രമിയുടെ വെടിവയ്പിൽ മറ്റൊരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പെൻസിൽവേനിയയിലെ ബെഥേൽ പാർക് സ്വദേശിയായ അക്രമി റിപ്പബ്ലിക്കൻ അനുഭാവിയാണ്. ഇയാളെ ഉടൻ സുരക്ഷാസേന വെടിവച്ച് കൊന്നു.