തമിഴ്‌നാട്ടിൽ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റു മരിച്ചു; മോഷണശ്രമത്തിനിടെയെന്ന് സൂചന

Monday 29 July 2024 12:31 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി ട്രക്ക് ഡ്രൈവർ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കൊച്ചി നെടുമ്പാശേരി സ്വദേശി ഏലിയാസ് (41) ആണ് കൊല്ലപ്പെട്ടത്.

ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെ ലോറിയുമായി കഴിഞ്ഞയാഴ്‌ചയാണ് ഏലിയാസ് ലോറിയുമായി ബംഗളൂരുവിലേയ്ക്ക് പോയത്. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഏലിയാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൃഷ്ണഗിരി പൊലീസ് അറിയിച്ചു.