വയനാടിന്റെ കരച്ചിൽ

Wednesday 31 July 2024 2:22 AM IST

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചൂരൽമലയിലും മുണ്ടക്കൈയിലും ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ മരണത്തിന്റെ സംഹാര ശബ്ദവുമായി വന്ന ഉരുൾപൊട്ടൽ 135 പേരുടെ ജീവൻ കവർന്നതായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. 211 പേരെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ 150- ഓളം പേർ ചികിത്സയിലാണ്. ഇവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.

രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സൈന്യത്തിനും ദുരന്തഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാൻ പോലുമായിട്ടില്ല. പാലങ്ങളും റോഡുകളുമെല്ലാം നാമാവശേഷമായിരിക്കുന്നു. മുണ്ടക്കൈ മേഖലയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്ന വെല്ലുവിളിയാണ് രക്ഷാസേനകൾ നടത്തുന്നത്.

മുണ്ടക്കൈയിൽ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാൻ താത്കാലിക പാലം നിർമ്മിക്കാനും മറ്റുമുള്ള ശ്രമങ്ങളും തുടങ്ങി. മുണ്ടക്കൈയിലടക്കം കുടുങ്ങിയവരിൽ വലിയ പരിക്കേൽക്കാത്തവരെ റോപ് വേ വഴിയാണ് പുറത്തെത്തിക്കുന്നത്. വെളിച്ചക്കുറവും മഴയും രക്ഷാപ്രവർത്തനം കഠിനമാക്കിയിരിക്കുന്നു. പ്രകൃതിയുടെ ക്ഷോഭത്തിൽ നൂറുകണക്കിന് വീടുകളാണ് ഈ മേഖലകളിൽ ഇല്ലാതായിപ്പോയിരിക്കുന്നത്. മണ്ണിനടിയിൽ എത്ര ജീവനുണ്ടെന്നോ എത്രപേർ രക്ഷപ്പെടുമെന്നോ നിശ്ചയമില്ലാത്ത അവസ്ഥ. തലേന്നുവരെ പ്രകൃതിഭംഗിയാൽ അനുഗൃഹീതമായിരുന്ന മനോഹര ഗ്രാമങ്ങൾ ചെളിയും പാറയും നിറഞ്ഞ് യുദ്ധഭൂമി പോലെയായത് ഒറ്റ രാത്രികൊണ്ടാണ്. ഉരുൾപൊട്ടി വന്ന മലവെള്ളം മുണ്ടക്കൈ ഗ്രാമത്തെ തുടച്ചുനീക്കിയെന്നു തന്നെ പറയാം. താഴ്‌വാരത്തെ ചൂരൽമല അങ്ങാടിയും ചില തുരുത്തുകൾ മാത്രം ബാക്കിവച്ച് ഇല്ലാതായി. ജഡങ്ങൾ ചാലിയാറിലൂടെ ഒഴുകി അയൽ ജില്ലകളിൽ വരെ എത്തി. ചിലരുടെ ജഡങ്ങൾ മരത്തിലും പൊന്തക്കാട്ടിലും കുരുങ്ങിക്കിടന്നു.

ഉരുൾപൊട്ടലിലേക്കു നയിച്ചതിന് പല കാരണങ്ങളും ഉണ്ടാകാം. അതിൽ ഏറ്റവും മുഖ്യം രണ്ടുദിവസമായി പെയ്ത കോരിച്ചൊരിഞ്ഞ മഴയാണ്. അത്യാഹിതം സംഭവിച്ച തിങ്കളാഴ്ച രാത്രിയിലും തോരാമഴയായിരുന്നു. മലയുടെ സുഷിരങ്ങൾക്ക് താങ്ങാവുന്നതിലും അധികം ജലം നിറഞ്ഞപ്പോൾ മലയും ജലവും കൂടി ഗ്രാമങ്ങൾക്കു മുകളിലേക്ക് നിപതിക്കുകയായിരുന്നു. ജീവൻ ബാക്കിയായവർക്ക് വാവിട്ടു കരയാനല്ലാതെ ഒന്നും ചെയ്യാനാകുമായിരുന്നില്ല. പ്രിയപ്പെട്ടവരുടെ പേരുകൾ അവർ ഉറക്കെ വിളിച്ചെങ്കിലും രാത്രിയുടെ നിസംഗത മാത്രമായിരുന്നു മറുപടി.

ദുരന്തഭൂമിയിൽ എത്താവുന്നിടത്തൊക്കെ ആദ്യമെത്തുകയും ചെളിയിൽ പുതഞ്ഞുകിടന്നവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തത് മേപ്പാടി നിവാസികളാണ്. അതുകഴിഞ്ഞ് ഉടൻ തന്നെ സർക്കാർ സംവിധാനങ്ങൾ ഉണരുകയും ദുരന്ത നിവാരണസേന സന്നാഹങ്ങളോടെ സ്ഥലത്തെത്തുകയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തുകയും സർവ വിധ സഹായങ്ങളും വാഗ്‌‌ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സൈനിക വിന്യാസമെന്ന് കേന്ദ്ര സർക്കാർ അറിയിക്കുകയും ചെയ്തു. കരസേനയെ കൂടാതെ വ്യോമസേനയുടെയും നാവിക സേനയുടെയും സഹായവും തേടിയിട്ടുണ്ട്. മൂന്ന് സേനാ വിഭാഗങ്ങളുടെയും അംഗങ്ങൾ ഇപ്പോൾ ദുരന്തഭൂമിയിൽ സജീവമാണ്. പാലം തകർന്ന് ഒറ്റപ്പെട്ട മുണ്ടക്കൈയിൽ 11 മണിക്കൂറിനു ശേഷമാണ് ദുരന്ത നിവാരണ സേനയ്ക്ക് എത്താനായത്. രാഹുൽഗാന്ധിയുടെ പാർലമെന്റ് മണ്ഡലമെന്ന നിലയിൽ രാജ്യം മുഴുവൻ അറിയപ്പെടുന്ന സ്ഥലമാണ് ഇപ്പോൾ വയനാട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ എത്രയും വേഗം എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചുമന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ഇത് വയനാടിന്റെയും കേരളത്തിന്റെയും മാത്രം ദുഃഖമല്ല,​ രാജ്യത്തിന്റെ മുഴുവൻ ദുഃഖമാണ്. അയൽ സംസ്ഥാനമായ തമിഴ്നാട് അടിയന്തര ധനസഹായമായി അഞ്ചു കോടി രൂപ അനുവദിക്കുകയും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളുമായി ഒരു സംഘത്തെ വയനാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റും ഭിന്നതകൾ അപ്പാടെ മറന്ന് മനുഷ്യസ്നേഹത്തിനു വേണ്ടി ഒന്നിച്ചുനിൽക്കുന്ന ഒരു കൂട്ടായ്മ കേരളം കാണിക്കാറുണ്ട്. പ്രളയകാലത്ത് അത് കേരളം കണ്ടതാണ്. ഭിന്നതകൾക്കപ്പുറം കേരളത്തിന്റെ യഥാർത്ഥ മനസ്സാണത്. വയനാട്ടിലെ ദുരന്തത്തിൽ നിന്ന് പരിക്കോടെയല്ലാതെയും രക്ഷപ്പെട്ടവർക്ക് ഒരു ജീവിതകാലം മുഴുവൻ വേട്ടയാടപ്പെടുന്ന ദുരനുഭവമാണിത്. അവരെ ചേർത്തുപിടിക്കാനും,​ പുനരധിവസിപ്പിക്കാനും,​ അതിജീവിച്ച ചെറുപ്പക്കാർക്ക് ജോലി നൽകാനും,​ മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടികളെ ഏറ്റെടുത്ത് വളർത്തി വിവാഹിതരാക്കാനുമെല്ലാം നമ്മൾ ഒരുമിച്ചു നിൽക്കണം. അതിൽ പ്രവാസികളും ഉദാരമതികളായ വ്യവസായികളും മറ്റു സമ്പന്നരുമെല്ലാം അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് വയനാടിനെ വീണ്ടെടുക്കുന്ന യത്നത്തിന്റെ ഭാഗമാകണം.

മരിച്ചുപോയവരെ തിരിച്ചു നൽകാൻ ആർക്കും കഴിയില്ല. പക്ഷേ,​ ജീവൻ ബാക്കിയായവർക്ക് ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകാൻ നമുക്കു കഴിയും. 'പലതുള്ളി പെരുവെള്ളം" പോലെ അതിനാവശ്യമായ ധനം വന്നുചേരും. അത് ശരിയായ രീതിയിൽ വിനിയോഗിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ പ്രത്യേക താത്പര്യമെടുത്ത് രൂപം നൽകണം. 2019 ആഗസ്റ്റ് എട്ടിനായിരുന്നു വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തമുണ്ടായത്. പതിനേഴു ജീവനെടുത്ത ആ ഉരുൾപൊട്ടൽ നടന്നിട്ട് അഞ്ചുവർഷം തികയും മുമ്പാണ് ഭയാനകമായ ഈ ദുരന്തം സംഭവിക്കുന്നത്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ പല കമ്മിറ്റികളെയും നിയോഗിക്കും. അവർ പഠനം നടത്തി റിപ്പോർട്ടുകളും സമർപ്പിക്കും. അതിൽ എത്ര നിർദ്ദേശങ്ങൾ നമ്മൾ ആത്മാർത്ഥതയോടെ നടപ്പാക്കാറുണ്ട്?​ ജനവാസത്തിന് യോഗ്യമല്ലാത്ത പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ജനവാസം അനുവദിക്കുന്നത് അഭികാമ്യമല്ല. സഹ്യന്റെ താഴ്‌വരയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ജനവാസം ഒഴിവാക്കി സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ പ്രകൃതി ദുരന്തങ്ങളാണെന്ന മുന്നറിയിപ്പ് ഗാഡ്‌ഗിൽ റിപ്പോർട്ടിലുണ്ടായിരുന്നു. പല കാരണങ്ങളാലും അതിൽ വെള്ളം ചേർക്കുകയും ഒടുവിൽ അത് അപ്പാടെ അവഗണിച്ച് കസ്തൂരി രംഗൻ റിപ്പോർട്ട് സ്വീകരിക്കുകയുമാണ് ചെയ്തത്.

ഭൂമിയോളം ക്ഷമിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല എന്നാണ് പറയാറുള്ളത്. ക്ഷമയുടെ എല്ലാ പരിധികളും ലംഘിക്കപ്പെടുമ്പോഴാവും അത് ഇങ്ങനെയൊക്കെ സംഹാരരുദ്ര‌യായി മാറുക. വൻതോതിലുള്ള കുടിയേറ്റവും വനനശീകരണവുമൊക്കെ നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ പ്രകൃതിയുടെ ക്ഷോഭങ്ങൾ നമ്മൾ ഇതുപോലെ ഏറ്റുവാങ്ങേണ്ടിവരും. ഇത്തരം പ്രദേശങ്ങളിൽ ഭൂരിപക്ഷവും വനം വെട്ടി തോട്ടങ്ങളാക്കിയ സ്ഥലങ്ങളാണ്. തോട്ടം തൊഴിലാളികളാണ് ഇവിടങ്ങളിൽ വസിക്കുന്നവരിൽ അധികവും. ജീവിത സാഹചര്യമാണ് പലപ്പോഴും ഇവിടെ തുടരാൻ അവരെ പ്രേരിപ്പിക്കുന്നത്. പ്രകൃതിയുടെ ക്ഷോഭവും വന്യജീവികളുടെ ആക്രമണവും ഏറ്റുവാങ്ങി അവിടെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഇവർ. അതുപോലെതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരീക്ഷണശാല കൂടിയാണ് വയനാട്. ഇതിനെക്കുറിച്ചെല്ലാം ആധുനിക പഠനങ്ങൾ നടക്കണം. അതോടൊപ്പം,​ ഉരുൾപൊട്ടൽ സാദ്ധ്യതകൾ മുൻകൂട്ടി കണ്ടെത്താനും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ആധുനിക സംവിധാനങ്ങൾ ഒരുക്കാനും നമുക്കു കഴിയണം. ഈ സന്ദർഭത്തിൽ വയനാടിന്റെ കണ്ണീരൊപ്പാൻ നമുക്കെല്ലാം ഒന്നിച്ചു നിൽക്കാം. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കു വേണ്ടി പ്രാർത്ഥിക്കാം.

Advertisement
Advertisement