ഡോക്ടർ ദീപ്തിയും ഷിനിയുടെ ഭർത്താവും തമ്മിൽ അടുത്ത സൗഹൃദം? തടസമായതോടെ ഒഴിവാക്കാൻ ശ്രമം
തിരുവനന്തപുരം: പടിഞ്ഞാറെകോട്ടയിൽ വീട്ടമ്മയെ വീട്ടിലെത്തി എയർഗൺ കൊണ്ട് വെടിവച്ച സംഭവത്തിൽ വനിതാ ഡോക്ടർ ദീപ്തി മോൾ ജോസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. മുപ്പത്തിയേഴുകാരിയായ ദീപ്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റാണ്. പ്രതിയുടെ ഭർത്താവും ഡോക്ടറാണ്.
ആക്രമിക്കപ്പെട്ട ഷിനിയുടെ ഭർത്താവ് സുജിത്തുമായിട്ട് ദീപ്തിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഈ സൗഹൃദം തകർന്നു. ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് പ്രതി മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ദിവസങ്ങളോളം നീണ്ട തയ്യാറെടുപ്പിനു ശേഷമായിരുന്നു പ്രതി കൃത്യം നടത്താൻ എത്തിയത്. വെടിവയ്ക്കാൻ ഉപയോഗിച്ച എയർപിസ്റ്റൾ ഓൺലൈനായാണ് വാങ്ങിയത്. തുടർന്ന് യൂട്യൂബിൽ നോക്കി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പഠിച്ചു. പിടിയിലായതോടെ പൊട്ടിക്കരഞ്ഞ ദീപ്തി ഏറെ നേരത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ദേഷ്യവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ഡോക്ടറുടെ മറുപടികൾ.
മുഖംമറച്ച് ഞായറാഴ്ച രാവിലെയാണ് ദീപ്തി ഷിനിയുടെ വീട്ടിലെത്തിയത്. കാറിലാണ് വന്നത്. ആമസോൺ കൊറിയർ നൽകാൻ വന്നതാണെന്നായിരുന്നു പ്രതി പറഞ്ഞത്. തുടർന്ന് ഷിനിയെ വെടിവച്ച്, അവിടെനിന്ന് കടന്നുകളഞ്ഞു. കാറിന്റെ നമ്പർ വ്യാജമായിരുന്നു.
ആരെയും സംശയമില്ലെന്നും ആർക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചില്ല. തുടർന്ന് ഷിനിയുടെയും ഭർത്താവിന്റെയും ദീപ്തിയുടെയുമെല്ലാം ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇന്നലെ ഉച്ചയോടെ പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ഈ ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ആറ് മാസം പോലും ആയിട്ടില്ലെന്നാണ് വിവരം. കോട്ടയം സ്വദേശിനിയാണ് ദീപ്തി.