ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് സെലിബ്രിറ്റികൾ മറുപടി നൽകാത്തതിൽ നിരാശയുണ്ടോ? എങ്കിൽ ഉടൻ പരിഹാരം, പുതിയ ഫീച്ചർ വരുന്നു
ലാർജ് ലാംഗ്വേജ് മോഡലായ ലാമ3.1 പുറത്തിറക്കിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റ. ഉപഭോക്താക്കൾക്ക് അവരവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന എ.ഐ ക്യാരക്റ്റർ നിർമിക്കുന്ന എ.ഐ സ്റ്റുഡിയോ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്.
ഈ സൗകര്യം പ്രധാനമായും ഒരുക്കിയിരിക്കുന്നത് കോൺഡന്റ് ക്രിയേറ്റേഴ്സിനും വാണിജ്യ സ്ഥാപനങ്ങൾക്കുമാണ്. സ്വന്തം പ്രൊഫൈലിലെ വിവരങ്ങൾ നൽകിയിരിക്കുന്ന ഈ എ.ഐ ക്യാരക്റ്ററുകൾ, ഫോളോവർമാരുടെ ചാറ്റിന് മറുപടി നൽകും. ഇൻസ്റ്റാഗ്രാമിൽ നേരിട്ടോ, അല്ലെങ്കിൽ മെറ്റ എ.ഐ സ്റ്റുഡിയോ വഴിയോ ഈ ക്യാരക്റ്ററുകൾ നിർമിക്കാം.
ഈ ക്യാരക്റ്ററിന്റെ പേര്, വ്യക്തിത്വം, സംസാര ശൈലി, എന്നിവയെല്ലാം ഉപഭോക്താവിന് ഇഷ്ടാനുസരണം നൽകാം. ഫോളോവർമാർക്ക് ചില ചോദ്യങ്ങൾക്കുള്ള മറുപടി എളുപത്തിൽ നൽകാനും ഈ ക്യാരക്റ്ററിനെ ചുമതലപ്പെടുത്താം. ചില ചോദ്യങ്ങൾക്കുള്ള മറുപടി സ്വയം നൽകാനും ക്യാരക്റ്ററിന് സെറ്റ് ചെയ്യാം.
കൂടാതെ തമാശ നിറഞ്ഞതും മറ്റുമായ മീമുകളും സ്റ്റിക്കറുകളും യാത്രാ നിർദേശങ്ങൾ നൽകാനും ഇവയ്ക്ക് സാധിക്കും. നിലവിൽ ഇത് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് സെറ്റ് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലും മെസഞ്ചറിലും ഈ സൗകര്യം താമസിരക്കാതെ എത്തിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.