ആവിയിൽ തയ്യാറാക്കിയ സോഫ്റ്റ് കേക്ക് 20 മിനിട്ടിൽ, ഏത്തപ്പഴം കൊണ്ട് രുചിയൂറുന്ന വിഭവം

Wednesday 31 July 2024 3:52 PM IST

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. പക്ഷെ സമയം ഒരുപാട് ചെലവഴിക്കേണ്ടി വരുന്നതിനാൽ പലരും ഇതിന് തുനിയാറില്ല. വീട്ടിലുളള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വെറും അര മണിക്കൂറുകൊണ്ട് സ്വാദൂറുന്ന ഒരു വിഭവം തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യത്തിനുളള സാധനങ്ങൾ

ഏത്തപ്പഴം,​ ശർക്കര,​വെളളം,​ ഗോതമ്പ് മാവ്. ഉപ്പ്,​ സോഡാപൊടി, എലയ്ക്ക,​ റവ

ചെയ്യേണ്ട വിധം

നന്നായി പഴുത്ത ഏത്തപ്പഴമാണ് പലഹാരം തയ്യാറാക്കാനവശ്യം. ആദ്യം പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. മധുരത്തിനായി ശർക്കര ചേർക്കണം. ശർക്കര ചെറിയ കഷ്ണങ്ങളാക്കിയോ അല്ലെങ്കിൽ ഉരുക്കിയോ നിങ്ങളുടെ ഇഷ്ടാനുസരണം ജാറിലേക്ക് ചേർക്കുക. മൂന്ന് ഏലയ്ക്കയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

അരച്ചെടുത്തതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും രണ്ട് സ്‌പൂൺ റവയും ചേർത്ത് ആവശ്യത്തിന് ഉപ്പുചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം കാൽടീസ്‌പൂൺ സോഡാപൊടിയും ചേർക്കുക. ഇങ്ങനെ തയ്യാറാക്കിയെടുത്ത മാവിനെ ഇഡ്ഡലി തയ്യാറാക്കുന്ന പാത്രത്തിലോ അല്ലെങ്കിൽ ചെറിയ പാത്രങ്ങളിലോ മാറ്റിയിട്ട് ആവിയിൽ 20 മിനിട്ട് പാകം ചെയ്തെടുക്കുക. സ്വാദൂറുന്ന പലഹാരം തയ്യാർ. ഇത് വൈകുന്നേരങ്ങളിലും രാവിലെത്തേക്കുളള ഭക്ഷണമായും കഴിക്കാവുന്നതാണ്. സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികൾക്ക് കൊടുക്കാവുന്നതാണ്.