അനധികൃത പാർക്കിംഗ്: ചൂണ്ടിയിൽ ഗതാഗത കുരുക്ക് അതിരൂക്ഷം

Thursday 01 August 2024 1:17 AM IST

കോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡിലെ അനധികൃത പാർക്കിംഗ് ചൂണ്ടി ടൗണിലുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം തടിയുമായിവന്ന ലോറി പാർക്ക് ചെയ്ത വാഹനങ്ങളിൽ തട്ടാതെ കടക്കാനെടുത്ത പെടാപ്പാട് മണിക്കൂറുകളോളം ദേശീയ പാതയിലെ ഗതാഗതം സ്തംഭിപ്പിച്ചു. ചൂണ്ടി ജംഗ്ഷനിലെ കടകളിലെത്തുന്നവരും വാഹനം പാർക്ക് ചെയ്ത ശേഷം ദൂര സ്ഥലങ്ങളിലേയ്ക്ക് പോകുന്നവരുമാണ് കുരുക്കിന് കാരണക്കാർ. ചൂണ്ടി റോഡ് ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയപ്പോൾ റോഡ് തറ നിരപ്പിൽ നിന്നും ക്രമാതീതമായ ഉയരത്തിലാണ്. ഇതോടെ റോഡിൽ നിന്നുമിറക്കി വാഹനം പാർക്ക് ചെയ്യാനും കഴിയില്ല. ഉയര വ്യത്യാസം കുറയ്ക്കാനുള്ള ഒരു നടപടിയും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല. ഇതോടെയാണ് വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യാനിടയാകുന്നത്. ബസ് സ്റ്റോപ്പും സമീപത്തായതിനാൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതോടെ കുരുക്ക് ഇരട്ടിയാകുകയാണ്. ശാസ്ത്രീയമായ രീതിയിൽ റോഡ് സൈഡ് നിർമ്മാണം പൂർത്തിയാക്കാതെ ട്രാഫിക് കുരുക്ക് പരിഹരിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. ദേശീയപാതയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുത്തൻകുരിശ് മുതൽ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്.

നിർമ്മാണം നടക്കുന്ന സമയത്ത് തന്നെ റോഡും തറനിരപ്പും തമ്മിലുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല

ജോൺസൺ രാമമംഗലം

പൊതു പ്രവർത്തകൻ

Advertisement
Advertisement