15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70കാരന് നാലേകാൽ വർഷം തടവ്

Thursday 01 August 2024 1:24 AM IST

മൂന്നാർ: 15 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 70 വയസുകാരന് നാലേകാൽ വർഷംതടവും 75,​500 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ ജഡ്ജ് എം.ഐ. ജോൺസൺ വിധിച്ചു. രാജാക്കാട് മമ്മട്ടിക്കാനം കള്ളിമാലി ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുമാരനെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ പ്രതി അടയ്ക്കാതിരുന്നാൽ ഏഴു മാസം അധിക തടവും കോടതി വിധിച്ചു. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി മൂന്നുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള മറ്റൊരു പറമ്പിൽ തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ടിരുന്ന മാതാവിന് മരുന്ന് നൽകിയശേഷം റോഡിലൂടെ നടന്നുവരികയായിരുന്നു പെൺകുട്ടി. ഈ സമയം പ്രതി അശ്ലീലമായി സംസാരിക്കുകയും കൈയിൽ കയറിപ്പിടിച്ച് തടഞ്ഞുനിറുത്തി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് പെൺകുട്ടി കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാജാക്കാട് എസ്.ഐയായിരുന്ന ജൂഡി ടി.പി. അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് കോടതിയിൽ ഹാജരായി.