കഴുത്തിൽ കുപ്പി കുരുങ്ങിയ നായയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി
Thursday 01 August 2024 1:25 AM IST
വിഴിഞ്ഞം: തലയിൽ പ്ലാസ്റ്റിക് കുപ്പി കുരുങ്ങി ഭക്ഷണം കഴിക്കാതെ അവശയായ തെരുവുനായയ്ക്ക് വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷകരായി. മേലേ പൂങ്കുളത്താണ് നായയുടെ തല പ്ലാസ്റ്റിക് ജാറിനുള്ളിൽ കുടുങ്ങി മൂന്ന് ദിവസമായി ആഹാരം കഴിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലായത്. ഇതുകണ്ട സമീപവാസിയായ ചോതിസ് സീറോയൽ വില്ലയിലെ നിർമ്മല ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവസ്ഥലത്ത് എത്തി നായയെ പിടികൂടി പ്ലാസ്റ്റിക് ജാർ നീക്കംചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജീവ്,സന്തോഷ് കുമാർ,വിജയരാജ്,ഹോം ഗാർഡുമാരായ സജി പുത്തൂരം,സദാശിവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.