സ്കൂൾ മെനുവിൽ നിന്ന് പാലും മുട്ടയും ഔട്ട് !
ആലപ്പുഴ: സർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്ന പാലും മുട്ടയും ജില്ലയിലെ പല സ്കൂളുകളിലും കിട്ടാനില്ല. അദ്ധ്യയന വർഷം ആരംഭിച്ച് രണ്ട് മാസം
കഴിഞ്ഞിട്ടും ഒരു ദിവസം പോലും പാലും മുട്ടയും വിതരണം ചെയ്യാത്ത വിദ്യാലയങ്ങളുണ്ട്.
സപ്ലിമെന്ററി ന്യൂട്രീഷൻ എന്ന തരത്തിലാണ് കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ പാലും മുട്ടയും നൽകിവരുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ ജൂൺ മാസത്തിലെ മെറ്റീരിയൽ കോസ്റ്റ് പ്രഥമാദ്ധ്യാപകർക്ക് ലഭിച്ചുകഴിഞ്ഞു. എന്നാൽ, സപ്ലിമെന്ററി ന്യൂട്രീഷന് വേണ്ടിയുള്ള തുക സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര ഫണ്ടും ന്യൂട്രീഷൻ പദ്ധതിക്ക് സംസ്ഥാന ഫണ്ടുമാണ് ലഭിക്കേണ്ടത്. തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവ വിതരണം ചെയ്ത വിദ്യാലയങ്ങൾ പോലും സാമ്പത്തിക ഞെരുക്കത്തിൽ അത്
നിർത്തലാക്കാനുള്ള ആലോചനയിലാണ്.
തുക കൂട്ടിയിട്ടും കാര്യമില്ല
1.ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് അനുവദിച്ചിരുന്ന തുക അടുത്തിടെ വർദ്ധിപ്പിച്ചെങ്കിലും നിലവിലെ വിലക്കയറ്റത്തിൽ അതുകൊണ്ട് കാര്യമില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്
2.മുമ്പ് വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് തുക നിശ്ചയിച്ചിരുന്നത്. എന്നാൽ, നിലവിൽ എത്രത്തോളം കുട്ടികളുണ്ടെങ്കിലും തുകയിൽ വ്യത്യാസം വരുന്നില്ല
3.കഴിഞ്ഞ അദ്ധ്യയന വർഷം എൽ.പി വിഭാഗത്തിൽ 150 വരെ വിദ്യാർത്ഥികൾക്ക് 6 രൂപ, 150 മുതൽ 350 പേർക്ക് വരെ 7 രൂപ, 350ലധികമുള്ളവർക്ക് 8 രൂപയും വീതമാണ് ലഭിച്ചിരുന്നത്
4. പ്രൈമറി ക്ലാസുകളിൽ ഒരു കുട്ടിക്ക് 6 രൂപയും അപ്പർ പ്രൈമറിയിൽ എട്ട് രൂപ പതിനേഴ് പൈസയുമാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ നിരക്ക്
എൽ.പി വിഭാഗം: ₹6
യു.പി വിഭാഗം: ₹8.17
മുട്ടയും പാലും വിതരണം ചെയ്താൽ അതിന്റെ തുക പിന്നീട് ലഭിക്കുമോ എന്ന് ആശങ്കയുണ്ട് . അതുകൊണ്ടാണ് വിതരണം ചെയ്യാത്തത്
- പ്രഥമാദ്ധ്യാപകർ