വെള്ളാർമലയുടെ ഉണ്ണിമാഷിന് നഷ്ടമായത് പ്രിയ മക്കളെ

Friday 02 August 2024 4:12 AM IST

ആലപ്പുഴ: വയനാട് ചൂരൽമല വെള്ളാർമല ജി.വി.എച്ച്.എസ് സ്കൂളിലായിരുന്നു പ്രഥമാദ്ധ്യപകന്റെ ചാർജ്ജ് വഹിക്കുന്ന വി.ഉണ്ണികൃഷ്ണൻ നാളുകളായി അന്തിയുറങ്ങിയിരുന്നത്.

എന്നാൽ,​ ഉരുൾപൊട്ടിയ ദിവസം പുലർച്ചെ ജന്മനാടായ അമ്പലപ്പുഴയിലായിരുന്നതിനാൽ ദുരന്തത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. സ്കൂളിന് തൊട്ടടുത്തുള്ള വാടക വീട്ടിലായിരുന്നു നേരത്തെ താമസം. എന്നാൽ,​ അടുത്തകാലത്ത് വെള്ളം കയറിയതോടെ

രാത്രി ഉറക്കവും ക്ലാസ് മുറിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ വെള്ളിയാഴ്ചകളിൽ രാത്രിയെത്തി, ഞായറാഴ്ച്ച വൈകിട്ട് അമ്പലപ്പുഴയിൽ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നതായിരുന്നു ആമയിട ആഞ്ഞിലിപ്പുരയ്ക്കൽ വീട്ടിൽ ഉണ്ണിമാഷിന്റെ പതിവ്.

കഴിഞ്ഞയാഴ്ച അമ്മയുടെ ചേച്ചിയുടെ മരണവിവരം അറിഞ്ഞെത്തിയതാണ്. ഞായറാഴ്ച വൈകിട്ട് പതിവുപോലെ തിരികെപ്പോകാൻ തയാറെടുത്തെങ്കിലും, മഴ കനത്തതോടെ ഭാര്യ രാജി തടഞ്ഞു. അടുത്ത ദിവസം കാലാവസ്ഥ മോശമായതിനാൽ ചുരം കയറേണ്ടെന്ന് സഹപ്രവർത്തകർ വിളിച്ചു പറഞ്ഞതിനാൽ തിങ്കളാഴ്ചയും നാട്ടിൽ തങ്ങി.

ചൊവ്വാഴ്ച പുലർച്ചെ ദുരന്ത വാർത്ത അറിഞ്ഞതോടെ അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി.

5.30ഓടെ വയനാട്ടിലേക്ക് പുറപ്പെട്ടു.

ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുക്കുന്ന വിദ്യാർത്ഥികളിൽ പലരെയും ആശുപത്രിയിൽ തിരിച്ചറിയുന്നത് ഉണ്ണിമാഷും സഹഅദ്ധ്യാപകരുമാണ്. ഇന്നലെ രാവിലെ ഭാര്യ രാജിയെ ഫോണിൽ വിളിച്ച് മരിച്ച പ്രിയ വിദ്യാർത്ഥികളുടെ പേര് പറഞ്ഞ് മാഷ് പൊട്ടിക്കരയുകയായിരുന്നു. ഉണ്ണിമാഷ് വാടയക്ക് താമസിച്ചിരുന്ന വീട് ഉൾപ്പടെ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രദേശത്ത് പൂർണമായി തകരാതെ ശേഷിക്കുന്നത്.

വഞ്ചിപ്പാട്ടിനെ ചുരമിറക്കിയ മാഷ്

2006ൽ മലയാളം അദ്ധ്യാപകനായി വെള്ളാർമലയിലെത്തിയതാണ് ഉണ്ണിമാഷ്. സ്കൂളിൽ വിടാൻ താൽപര്യമില്ലാത്ത രക്ഷിതാക്കളെ വീട്ടിൽ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കുട്ടികളെ എത്തിച്ചു തുടങ്ങിയതാണ്. നിലവിൽ 582 വിദ്യാർത്ഥികളുണ്ടായിരുന്നു. ഏതാനും വർഷങ്ങളായി വെള്ളാർമലയിലെ വിദ്യാർത്ഥികൾ കുട്ടനാടിന്റെ വഞ്ചിപ്പാട്ടും വിവിധ നാടകങ്ങളുമായി സംസ്ഥാന കലോത്സവ വേദികളിൽ എത്താനുള്ള കാരണക്കാരനും ഉണ്ണികൃഷ്ണൻ മാഷാണ്. ചൂരൽമലയിൽ വെള്ളാർമല സ്കൂൾ അറിയപ്പെടുന്നത് തന്നെ ഉണ്ണിമാഷിന്റെ സ്കൂളെന്നാണ്. ഇന്ന് സ്കൂളില്ല,​ അവിടത്തെ വിദ്യാർത്ഥികളിൽ പലരുമില്ല. അവരുടെ ചേതനയറ്റ ശരീരങ്ങൾ തിരിച്ചറിയാനുള്ള നിയോഗവും പേറി നിസ്സഹായരായി നിൽക്കുകയാണ് ഉണ്ണിമാഷും സഹഅദ്ധ്യാപകരും.

Advertisement
Advertisement