ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനം കുറവ്, എന്നിട്ടും വില്‍പ്പനമൂല്യം കൂടി

Wednesday 31 July 2024 11:16 PM IST

കൊച്ചി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗം അഞ്ച് ശതമാനം ഇടിഞ്ഞ് 149.7 ടണ്ണിലെത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. വില കുത്തനെ കൂടിയതാണ് ഉപഭോക്താക്കളെ സ്വര്‍ണ വിപണിയില്‍ നിന്ന് അകറ്റിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഉപഭോഗം 158.1 ടണ്ണായിരുന്നു. അതേസമയം സ്വര്‍ണത്തിന്റെ ഇക്കാലയളവിലെ വില്‍പന മൂല്യം 14.5 ശതമാനം ഉയര്‍ന്ന് 93,850 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 82,530 കോടി രൂപയുടെ വില്‍പനയാണ് നേടിയത്.

ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സ്വര്‍ണ വില മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,338 ഡോളറിലെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങളുടെ വില്പന 17 ശതമാനം കുറഞ്ഞ് 107 ടണ്ണിലെത്തി. ഉയര്‍ന്ന വിലയോടൊപ്പം തിരഞ്ഞെടുപ്പ് കാലവും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും വില്പനയെ പ്രതികൂലമായി ബാധിച്ചെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. അക്ഷയതൃതീയ, ഗുഡി പഡ്വ കാലയളവില്‍ വിപണിയില്‍ ഉണര്‍വുണ്ടായെങ്കിലും കാര്യമായി ഗുണമുണ്ടായില്ല. അതേസമയം നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നതില്‍ 46 ശതമാനം വര്‍ദ്ധനയുണ്ടായി.

വിപണി ഉണരുന്നു

കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വര്‍ണാഭരണ വിപണിയില്‍ മികച്ച ഉണര്‍വാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ജുവലറി രംഗത്ത് വില്പനയില്‍ 40 ശതമാനം വരെ വര്‍ദ്ധനയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറയുന്നു. ജി.എസ്.ടി മൂന്ന് ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചാല്‍ കള്ളക്കടത്തും സമാന്തര വ്യാപാരവും പൂര്‍ണമായും ഒഴിവാകുമെന്നും അദ്ദേഹം പറയുന്നു.