പെട്രോളും ഹെൽമറ്റും വേണ്ട, ഈ സ്യൂട്ട്‌കേസുണ്ടെങ്കിൽ എവിടെയും സഞ്ചരിക്കാം; വിലയും തുച്ഛം

Thursday 01 August 2024 4:44 PM IST

വലിയ രീതിയിൽ വിനോദസഞ്ചാരികൾ എത്തുന്ന രാജ്യമാണ് ജപ്പാൻ. അതിനാൽ, തന്നെ അവരെ ആകർഷിക്കാൻ മറ്റ് രാജ്യങ്ങളിലില്ലാത്ത പല തരത്തിലുള്ള സാങ്കേതിക വിദ്യയും സൗകര്യങ്ങളും ഒരുക്കാൻ ജപ്പാൻകാർ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത് വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിന് കാരണമായി. അതിനാൽ, അത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ രാജ്യം.

ഇതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിയമപരമായി അനുവദിക്കുന്ന പലതും ഇവിടെ നിയമ വിരുദ്ധമാക്കിയിരിക്കുകയാണ്. പല കാര്യത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിനാൽ, നിയമവിരുദ്ധമായ കാര്യമാണെന്ന് അറിയാതെ പല സഞ്ചാരികൾക്കും വൻ തുകയാണ് പിഴ അടയ്‌ക്കേണ്ടി വരുന്നത്. അതിൽ ഒന്നാണ് ഇലക്‌ട്രിക് സ്യൂട്ട്കേസ് സ്‌കൂട്ടറുകൾ.

എന്താണ് ഇലക്‌ട്രിക് സ്യൂട്ട്കേസ് സ്‌കൂട്ടറുകൾ?

സ്യൂട്ട്‌കേസിന്റെ സൗകര്യങ്ങളും സ്‌കൂട്ടറിന്റെ ക്ഷമതയും സംയോജിപ്പിക്കുന്ന ഉപകരണമാണിത്. പല പ്രമുഖ ഏഷ്യൻ രാജ്യങ്ങളിലും ഇത് വളരെ പ്രചാരം നേടിയിട്ടുണ്ട്. ചൈന വികസിപ്പിച്ചെടുത്ത ഈ സ്‌കൂട്ടറിൽ പാരീസ് ഹിൽട്ടൺ, ശിൽപ ഷെട്ടി തുടങ്ങിയ താരങ്ങൾ സഞ്ചരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. പ്രത്യേകിച്ച് ദൂരെ യാത്രകൾ ചെയ്യുമ്പോൾ വളരെയധികം പ്രയോജനം ചെയ്യുന്ന ഒന്നാണിത്. മറ്റ് വലിയ വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിന് വിലയും കുറവാണ്.

ജപ്പാനിലെ നിയമങ്ങൾ
ഏറെ സൗകര്യമുള്ള റോഡുകളായിട്ട് പോലും ജപ്പാനിൽ വളരെയധികം ബുദ്ധിമുട്ടുകളാണ് ഈസ്യൂട്ട്കേസ് സ്‌കൂട്ടറുകൾ കാരണം ഉണ്ടാകുന്നത്. ജാപ്പനീസ് ട്രാഫിക് നിയമങ്ങൾ പ്രകാരം, ഈ മോഡൽ വാഹനത്തെ "മോട്ടോറൈസ്ഡ് സൈക്കിളുകൾ" ഇനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, ഇവ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണം, ഹെൽമറ്റും ധരിക്കണം. ലിഥിയം - അയൺ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും മണിക്കൂറിൽ 13 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നതിനാലുമാണ് ഈ നിയമങ്ങൾ പാലിക്കേണ്ടി വരുന്നത്.

കഴിഞ്ഞ മാസം, 30 വയസുകാരിയായ ചൈനീസ് യുവതി ഒസാക്കയിലെ നടപ്പാതയിലൂടെ സ്യൂട്ട്‌കേസ് ഓടിച്ച് വന്നതിന് നിയമനടപടി സ്വീകരിച്ചു. മാത്രമല്ല, തിരക്കേറിയ ഡോട്ടൺബോറിയിൽ സ്യൂട്ട്കേസ് ഓടിച്ചതിന് ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു ആൺകുട്ടിയെ പൊലീസ് തടഞ്ഞു. ലൈസൻസ് ഇല്ലാത്തതിനാലാണെന്ന് പറഞ്ഞപ്പോൾ ആ കുട്ടിക്ക് ആശ്ചര്യമാണ് തോന്നിയത്. കാരണം, നമ്മുടെ നാട്ടിൽ സൈക്കിൾ ഉപയോഗിക്കുന്നതുപോലെയാണ് പല രാജ്യങ്ങളിലും ഈ സ്യൂട്ട്‌കേസ് ഓടിക്കുന്നത്.

'പൊതു ശല്യം'

ഇലക്ട്രിക് സ്യൂട്ട്കേസുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കാരണം ജപ്പാനിലെ പല വിമാനത്താവളങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. ടോക്കിയോയ്‌ക്ക് സമീപമുള്ള നരിറ്റ എയർപോർട്ട്, ഐച്ചി പ്രിഫെക്ചറിലെ ചുബു സെൻട്രെയർ ഇന്റർനാഷണൽ എയർപോർട്ട്, ഒസാക്കയിലെ കൻസായി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ സ്യൂട്ട്‌കേസ് സ്‌കൂട്ടറുമായി കയറരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിന്റെ ഭാഗമായാണിത്. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിൽ സ്യൂട്ട്‌കേസ് മറ്റ് യാത്രക്കാരുമായി കൂട്ടിയിടിക്കുന്നത് തടയാൻ ഫെബ്രുവരിയിൽ തന്നെ ഇലക്ട്രിക് സ്യൂട്ട്കേസുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിലും ഇത് നിരോധിച്ചിട്ടുണ്ട്.

കാരണം ഓവർ ടൂറിസം

കൊവിഡിന് ശേഷം ജപ്പാനിൽ നിരവധി ടൂറിസ്റ്റുകളാണ് എത്തിയത്. സമ്പന്നമായ സാംസ്കാരിക പൈതൃകം, സാങ്കേതിക പുരോഗതി, പ്രകൃതി സൗന്ദര്യം എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. 2024 മാർച്ചിൽ, ചെറി ബ്ലോസം സീസണിൽ, ജപ്പാൻ 3.08 ദശലക്ഷം സന്ദർശകരെയാണ് സ്വാഗതം ചെയ്‌തത്. 1964 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സഞ്ചാരികൾ എത്തിയ കണക്കാണിത്. 2023ൽ, 25.1 ദശലക്ഷം വിനോദസഞ്ചാരികൾ ജപ്പാൻ സന്ദർശിച്ചു. ഈ വൻ കുതിച്ചുചാട്ടം ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രയോജനം ചെയ്‌തെങ്കിലും രാജ്യത്തിന് പല വെല്ലുവിളികളും ഉയർത്തി. തിരക്ക്, മലിനീകരണം, സാംസ്കാരിക പൈതൃക സൈറ്റുകൾക്ക് വന്ന കേടുപാടുകൾ, പ്രദേശവാസികളുടെ ജീവിത നിലവാരത്തെ ബാധിക്കുക, പൊതുജനങ്ങളുടെ നീരസത്തിലേക്ക് നയിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായി.

ഇതെല്ലാം ഒഴിവാക്കുന്നതിനായി സ്യൂട്ട്‌കേസ് സ്‌കൂട്ടറുകൾ ഒഴിവാക്കുന്നതുൾപ്പെടെ പല കർശന നിയന്ത്രണങ്ങളും ജപ്പാൻ ഏർപ്പെടുത്തി. പല സ്വകാര്യ വഴികളും അടച്ചു. ഇത് ലംഘിക്കുന്നവർക്ക് 10,000 യെൻ വരെ പിഴ ഈടാക്കും. പടിഞ്ഞാറൻ ജപ്പാനിലെ ഹത്‌സുകായ്‌ച്ചി നഗരം മിയാജിമ ദ്വീപിലെത്തുന്ന സന്ദർശകർക്കായി ടൂറിസ്റ്റ് നികുതി ഏർപ്പെടുത്തി. വിനോദസഞ്ചാരികൾ 100 യെൻ ഫീസ് നൽകണം. കൂടാതെ രാജ്യത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും മദ്യപിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Advertisement
Advertisement