സംസ്ഥാന അവാർഡ് , മമ്മൂട്ടിയും പൃഥ്വിരാജും തമ്മിൽ മത്സരം
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് ശക്തമായ പോരാട്ടത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും. പുതുമുഖനടന്മാരും മികച്ച നടനുള്ള മത്സര രംഗത്തുണ്ട്. 160 സിനിമകളാണ് മത്സരിക്കുന്നത്. ഇതിൽ 84 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മമ്മൂട്ടിയുടെ രണ്ടു സിനിമകളും മോഹൻലാലിന്റെ ഒരു സിനിമയും മത്സരിക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോർ,റോബി വർ ഗീസ് രാജിന്റെ കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടി ചിത്രങ്ങൾ. ജീത്തു ജോസഫിന്റെ നേര് ആണ് മോഹൻലാൽ സിനിമ. ബ്ലസിയുടെ സംവിധാനത്തിൽ എത്തിയ ആടു ജീവിതത്തിലെ അഭിനയമാണ് പൃഥ്വിരാജിനെ മത്സരത്തിന്റെ മുൻ നിരയിൽ എത്തിക്കുന്നത്.
ദുൽഖർ സൽമാന്റെ കിംഗ് ഒഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഒഫ് സത്യനാഥൻ, ഉർവശിയും പാർവതി തിരുവോത്തും ഒരുമിച്ച ഉള്ളൊഴുക്ക് എന്നീ സിനിമകളും മത്സരരംഗത്തുണ്ട്. ഈ മാസം 20 നകം അവാർഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാഡമിയുടെ തീരുമാനം.