നാശം വിതച്ച് മഴ​: ഉത്തരേന്ത്യയിൽ 32 മരണം

Friday 02 August 2024 12:34 AM IST

ന്യൂഡൽഹി: ഡൽഹി,​ ഹിമാചൽ പ്രദേശ്,​ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുൾപ്പെടെ കനത്ത മഴയിൽ ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം.

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനമുണ്ടായി. ഇതോടെ ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ മരിച്ചവർ 32 ആയി. ഡൽഹിയിൽ ബുധനാഴ്‌ച വൈകുന്നേരം മുതൽ രാത്രി വരെ നീണ്ട മഴയിൽ അമ്മയും കുഞ്ഞും അടക്കം മൂന്ന് പേർ മരിച്ചു. പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 10 മരണങ്ങളും ഹിമാചലിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഹിമാചലിൽ 50ഓളം പേരെ കാണാതായി.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ, ഹരിയാനയിലെ ഗുരുഗ്രാം, രാജസ്ഥാനിലെ ജയ‌്‌പൂർ, ബീഹാർ എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ.

അഴുക്കുചാലിൽ വീണ് മരണം

കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിൽ കഴിഞ്ഞ ദിവസം ചന്തയിലേക്ക് പോയ തനൂജയും (22) മകൻ പ്രിയാൻഷും (3) അഴുക്കുചാലിൽ വീണാണ് മരിച്ചത്.

റോഡരികിൽ ഓട നിർമാണം നടക്കുന്നത് വെള്ളക്കെട്ടുകാരണം തിരിച്ചറിയാതെ വീഴുകയായിരുന്നു. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടക്കൻ ഡൽഹിയിലെ സബ്‌ജി മണ്ഡി പ്രദേശത്ത് രാത്രി എട്ടരയോടെ കെട്ടിടം തകർന്ന് അനിൽ കുമാർ ഗുപ്‌ത(62) മരിച്ചു. ഡിഫൻസ് കോളനി, ദര്യഗഞ്ച്, ശാസ്‌ത്രിപാർക്ക്, വസന്ത് കുഞ്ച് പ്രദേശങ്ങളിൽ മതിലിടിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പത്തോളം കാറുകൾ തകർന്നു.

പാർലമെന്റ് വളപ്പിലും
മഴയിൽ പുതിയ പാർലമെന്റ് വളപ്പിലും പ്രസ് ക്ളബ് ഇന്ത്യ കെട്ടിടത്തിലും വെള്ളം കയറി. താണ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. നഗരത്തിനുള്ളിലും നോയിഡ, ഗുഡ്‌‌ഗാവ് അതിർത്തിയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

മേഘവിസ്‌ഫോടനം: ജാഗ്രത

മേഘവിസ്‌ഫോടനമുണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും ദേശീയ പാതകൾ അടക്കം തകരുകയും നിരവധിപേരെ കാണാതാവുകയും ചെയ്‌തു. ടൂറിസം മേഖലകളിൽ കനത്ത നാശം സംഭവിച്ചു. ആളുകൾ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ മേഘവിസ്‌ഫോടനമുണ്ടായി. നിർമ്മന്ദ് ബ്ലോക്കിൽ രണ്ട് പാലങ്ങളും നിരവധി വീടുകളും ഒലിച്ചുപോയി. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

ഹിമാചലിൽ മണ്ഡി, സിംല, കുളു ജില്ലകളിലാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ മേഘവിസ്ഫോടനം ഉണ്ടായത്. 50 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ടൂറിസം മേഖലകളിൽ അടക്കം പക്ഷേ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നു. ബിയാസ് നദി കരവിഞ്ഞൊഴുകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സ്ഥിതിഗതി വിലയിരുത്തിയെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു.

Advertisement
Advertisement