പൂജാ ഖേദ്‌കറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, അന്വേഷണപരിധി വിപുലമാക്കണം

Friday 02 August 2024 1:11 AM IST

ന്യൂഡൽഹി: തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടെ തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ ഐ.എ.എസ് ട്രെയിനി പൂജാ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. മറ്റേതെങ്കിലും ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ യു.പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനും അഡിഷണൽ സെഷൻസ് ജഡ്‌ജി ദേവേന്ദർ കുമാർ ജംഗാല ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. അന്വേഷണപരിധി വിപുലമാക്കണം. യു.പി.എസ്.സിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ പൂജയെസഹായിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.

പൂജയുടെ ഐ.എ.എസ് സെലക്‌ഷൻ യു.പി.എസ്.സി റദ്ദാക്കിയിരുന്നു. യു.പി.എസ്.സി പരീക്ഷകൾ എഴുതാൻ സ്ഥിരം വിലക്കും ഏർപ്പെടുത്തി. തട്ടിപ്പ് നടത്തിയും വ്യാജരേഖകൾ നൽകിയും കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം തരപ്പെടുത്തിയെന്നാണ് ആരോപണം. ഒ.ബി.സി ക്വാട്ടയും അംഗപരിമിതർക്കുള്ള സംവരണവും അനധികൃതമായി നേടിയെന്നും പരാതിയുയർന്നു. പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, ഒപ്പ്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവയിലും പൂജ തിരിമറി നടത്തിയെന്ന് യു.പി.എസ്.സി കണ്ടെത്തി.

Advertisement
Advertisement