ഇഡിയെ കാത്തിരിക്കുകയാണ്; ചായയും ബിസ്‌കറ്റും നൽകി സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി

Friday 02 August 2024 12:49 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താനൊരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി. ജൂലായ് 29ന് താൻ പാർലമെന്റിൽ നടത്തിയ ചക്രവ്യൂഹ് പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിലൊരാളാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്‌കറ്റും നൽകി സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബഡ്‌ജറ്റ് ചർച്ചയിലാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയത്.

കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്നായിരുന്നു രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആരോപിച്ചത്.

കുരുക്ഷേത്രത്തിൽ ക‌ർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന ആറ് അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും അമിത്ഷായും മോഹൻ ഭാഗവതും അംബാനിയും അദാനിയും അജിത് ഡോവലുമാണെന്നും രാഹുൽ തുറന്നടിച്ചു. ധനമന്ത്രിയുടെ ബഡ്ജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ലോക്‌സഭയിൽ ബഹളമാകുകയും ചെയ്‌തിരുന്നു.

Advertisement
Advertisement