പിന്നണി ഗായിക കോഴിക്കോട് പുഷ്പ ഒാർമ്മയായി
നീലക്കുയിൽ സിനിമയിലെ ഒരൊറ്റ ഗാനം മതി കോഴിക്കോട് പുഷ്പ എന്ന പിന്നണി ഗായികയെ ആസ്വാദക ലോകം ഒാർക്കാൻ. കടലാസു വഞ്ചിയേറി, കടലും കടന്നു കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റുപായ പാറി എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തയാക്കിയത്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതം പകർന്ന ഇൗ ഗാനം പാടുമ്പോൾ പുഷ്പയ്ക്ക് 14 വയസ്. ലോകനീതി സിനിമയിൽ അഭയദേവ് - ദക്ഷിണാമൂർത്തി ടീമിനുവേണ്ടി രണ്ട് പാട്ടുകൾ പാടിയെങ്കിലും ശ്രദ്ധ നേടിയില്ല. അതിനുശേഷമാണ് നീലക്കുയിലേക്കുള്ള അവസരം. 1950 ൽ കോഴിക്കോട് ആകാശവാണിയിൽ പുഷ്പയുടെ സുലളിത സുമധുര എന്ന ലളിതഗാനാലാപനം കേട്ടാണ് പി. ഭാസ്കരൻ നീലക്കുയിൽ സിനിമയിൽ പാടാൻ വിളിക്കുന്നത്. നീലക്കുയിലിനുശേഷം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇതിനകം പുഷ്പ വിവാഹിതയായി. പുഷ്പയുടെ മൂത്ത സഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്സ് എന്ന പേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. വിവാഹശേഷം കുടുംബസമേതം ചെന്നൈയിലായിരുന്നു പുഷ്പയുടെ താമസം. ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിലായിരുന്നു സംസ്കാരം.