മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം, യു ട്യൂബർ അടക്കം രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശിയും യു ട്യൂബറുമായ രാജേഷിനെ ഏരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്. മല്ലു ബോയ്‌സ് എന്ന യുട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയത്. ഏരൂർ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കായംകുളം പെരിങ്ങോല ധ്വനിയിൽ അരുണിനെയും (40) ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഫേസ്‌ബുക്ക് വഴി പ്രചാരണം നടത്തിയതിനാണ് കായംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സമൂഹ മാദ്ധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്നു രജിസ്റ്റർ ചെയ്തു.