കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Saturday 03 August 2024 1:41 AM IST

കാസർകോട്: കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്തുകയായിരുന്ന 800 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പടന്നക്കാട് ലക്ഷംവീട് കോളനി സ്വദേശിയും നിലവിൽ ഹോസ്ദുർഗ് പുഞ്ചാവി സ്കൂൾ റോഡിൽ താമസക്കാരനുമായ കെ.എം അഷറഫിനെ (36) ആണ് മേൽപ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലര മണിക്ക് ചട്ടഞ്ചാലിലുള്ള മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മുൻവശം ദേശീയപാതയിൽ കാസർകോട് നിന്ന് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവുമായി യുവാവ് പിടിയിൽ ആയത്. ബസിന്റെ മുകളിലെ റാക്കിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പൂവും ഇലയും തണ്ടുമായുള്ള കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഈ ബസ്സിൽ ഒരാൾ പണം എണ്ണുന്നതായി കണ്ടെത്തി സംശയം തോന്നി ബസ്സിൽ കയറി പരിശോധിച്ചു. ക്യാൻസർ രോഗിയായ താൻ നാട്ടുകാരിൽ നിന്ന് പിരിച്ച പണം എണ്ണിയതാണെന്ന് യാത്രക്കാരനായ തിരുവനന്തപുരം അരുവിക്കരയിലെ സെയ്താലി എസ്ഐയോട് പറഞ്ഞു. ഈ സമയം ബസിന്റെ പിറകിലെ സീറ്റിൽ ഇരുന്ന് പരുങ്ങുന്നത് കണ്ട അഷ്‌റഫിനെ ചോദ്യം ചെയ്തതിന് ശേഷം ബാഗ് കണ്ടെത്തി. എന്നാൽ ബാഗ് തന്റേത് ആണെന്ന് ഇയാൾ സമ്മതിച്ചില്ല. ബാഗ് തുറന്ന് നോക്കിയപ്പോൾ ഇയാളുടെ ഫോട്ടോ പതിച്ച ആധാർ കാർഡും 630 രൂപയും കണ്ടെത്തിയതോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എസ്.സി.പി. ഒ ജോസ് വിൻസെന്റ്, സി.പി.ഒ രജീഷ്, ഡ്രൈവർ സജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement
Advertisement