അനധികൃത പിഴ ഈടാക്കൽ: മോട്ടോർ വാഹനവകുപ്പിന് താക്കീതുമായി നഗരസഭ
പാലാ: മോട്ടോർ വാഹന വകുപ്പിന്റെ അനധികൃത പിഴയിടീലിനെതിരെ ശക്തമായ പ്രതികരണവുമായി പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ രംഗത്ത്. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഒരു കാരണവശാലും പിഴ ഈടാക്കാൻ പാടില്ലെന്ന് ചെയർമാൻ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. മേലിൽ ഇതിനെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മേട്ടോർവാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ചെയർമാൻ തുടർന്നു.
''ഗതാഗത ഉപദേശക സമിതിക്ക് പുല്ലുവില... മേട്ടോർവാഹന വകുപ്പ് നൽകുന്നത് എട്ടിന്റെ പണി'' എന്ന തലക്കെട്ടിൽ കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് രാമപുരം റൂട്ടിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശം വരെയും, കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സെന്റ് മേരീസ് സ്‌കൂൾ റോഡിന് ഇടതുവശം വരെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഗതാഗത ഉപദേശക സമിതി അനുവാദം കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ഭാഗങ്ങളിൽ ഇടതുവശത്ത് പാർക്ക് ചെയ്ത വിവിധ വാഹനങ്ങളുടെ ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം എടുക്കുകയും ഇവരിൽ നിന്നെല്ലാം പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് ളാലം പാലം ജംഗ്ഷൻ വരെ ഇടതുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. ജനറൽ ആശുപത്രി റോഡിലും കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് രാമപുരം റോഡിലും സെന്റ് മേരീസ് സ്‌കൂൾ റോഡിലും ഇടതുവശത്ത് പാർക്കിംഗ് അനുവദിച്ചുകൊണ്ട് ഗതാഗത ഉപദേശക സമിതി യോഗമാണ് തീരുമാനമെടുത്തത്. ഈ യോഗത്തിൽ മേട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതാണ്.
ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് വാഹനം പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക എന്നുള്ളത് അംഗീകരിക്കാനാവില്ല.
-ഷാജി വി. തുരുത്തൻ, പാലാ നഗരസഭ
സുനിൽ പാലാ