ഹനിയേയുടെ കൊലപാതകം
ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്‌മായിൽ ഹനിയേയുടെ കൊലപാതകം ഗാസ യുദ്ധം അടുത്തൊന്നും തീരുമെന്ന് കരുതാൻ ഇടനൽകുന്നില്ല. മാത്രമല്ല പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളാകുമോ എന്ന സംശയവും ഉണർത്തിയിരിക്കുകയാണ്.
ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്ന തീരുമാനത്തിലാണ് ഇസ്രയേൽ. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാൻ തയാറല്ല തങ്ങളെന്ന് ഇസ്രയേൽ ഓരോ ദിവസവും പുതിയ ആക്രമണത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. പാലസ്‌തീനിലെ സ്‌ത്രീകളും കുട്ടികളുമാണ് യുദ്ധത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയിരിക്കുന്നത്. യുദ്ധത്തിൽ മരണസംഖ്യ ഏതാണ്ട് 40000 കടന്നിരിക്കുകയാണ്. യുദ്ധരംഗത്ത് ഹമാസിന്റെ പോരാളികൾ മാത്രമാണുള്ളത്. സംഘടനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാർ തങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന മറ്റ് ഇസ്ളാമിക രാജ്യങ്ങളിലാണ് കഴിയുന്നത്.
യുദ്ധത്തിനാവശ്യമായ നിർദ്ദേശങ്ങൾ, ധനം, ആയുധ സാമഗ്രികൾ, പ്രചാരണം തുടങ്ങിയവ ഒളി കേന്ദ്രങ്ങളിലിരുന്നാണ് ഈ നേതാക്കൾ നൽകുന്നത്. ഹമാസിന്റെ നയതന്ത്ര മുഖമായിരുന്നു കൊല്ലപ്പെട്ട ഹനിയേ. ഖത്തറിലാണ് ഇദ്ദേഹം രഹസ്യകേന്ദ്രത്തിൽ താമസിച്ചിരുന്നത്. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‌റാനിലെത്തിയത്. ഇറാൻ എല്ലാവിധ സുരക്ഷയും ഹനിയേയ്ക്ക് നൽകിയിരുന്നു. രാത്രി ഉറങ്ങിക്കിടന്നപ്പോൾ ടെഹ്‌റാന് വടക്ക് ഭാഗത്തുള്ള വസതിയിൽ റോക്കറ്റാക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്. ഇസ്രയേൽ സംഭവം സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊതുവെ ലോകം ധരിക്കുന്നു കാരണം മൊസാദ് ഇതിന് മുൻപും ഇതുപോലുള്ള ടാർഗറ്റ് കില്ലിംഗ് നടത്തിയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുക്കാറില്ല. തീവ്ര മൗലികവാദ സ്വഭാവമുള്ള സംഘടനകളാണ് പൊതുവെ ആക്രമണങ്ങളും കൊലപാതകങ്ങളും മറ്റും നടത്തിയിട്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇത് അവർക്ക് കൂടുതൽ ധനസഹായവും ഭീകരതയിലൂടെ എതിരാളികൾക്ക് ഭീഷണിയായി മാറാനും കളമൊരുക്കും.
ലെബനനിൽ ഹിസ്‌ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ ഫൗദ് ഷുക്‌റിനെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഹനിയേയും വധിച്ചത്. തങ്ങൾക്ക് പങ്കോ അറിവോ ഇല്ലെന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കൻ പ്രതികരിച്ചത്. ഹനിയേയെ വധിച്ചത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും അത് ഗാസാ യുദ്ധം കൂടുതൽ തീവ്രമാക്കുകയും സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ഖത്തർ വെളിപ്പെടുത്തിയത്. ഈ വധത്തിന് പകരമായി ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമീനി പറഞ്ഞത്. ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചില്ലെങ്കിൽ ഗാസയിലെ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമെന്നാണ് തുർക്കിയും സിറിയയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹിസ‌്‌ബുള്ളയും ഹൂതി വിമതരും താലിബാനുമെല്ലാം ഹനിയേയുടെ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഏറ്റവും ഞെട്ടൽ സംഭവിച്ചത് ഇറാനാണ്. സ്വന്തം മണ്ണിൽ പ്രസിഡന്റും പ്രധാനമന്ത്രിയും അന്യരാജ്യങ്ങളിൽ നിന്നു വരുന്ന പ്രധാനപ്പെട്ട അതിഥികൾ പോലും സുരക്ഷിതരല്ല എന്ന് തിരിച്ചറിയാൻ ഇറാനെ നിർബന്ധിതമാക്കിയിരിക്കുകയാണ് ഈ സംഭവം. ഇതിന്റെ തിരിച്ചടികൾ ഏതൊക്കെ രൂപത്തിൽ ഉണ്ടാകുമെന്ന് പറയാറായിട്ടില്ല. യുദ്ധം തുടർന്നാൽ സമാധാനം മാത്രമല്ല ഈ മേഖലയുടെ സാമ്പത്തിക സംവിധാനങ്ങളും തകരാൻ അതിടയാക്കും. അതിനാൽ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളിലെയും സാധാരണ മനുഷ്യരെ സംബന്ധിച്ച് യുദ്ധം അവസാനിക്കുന്നതാണ് നല്ലത്. എന്നാൽ ഹനിയേയുടെ വധം പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ യുദ്ധത്തെ പുതിയ തലത്തിലേക്ക് എത്തിക്കുമോയെന്ന് ആശങ്കയോടെ ലോകം ഉറ്റുനോക്കുകയാണ്.