ശനിയാഴ്ച ഭാരത്തിൽ നിന്ന് കുട്ടികൾക്കു മോചനം

Saturday 03 August 2024 2:30 AM IST

അദ്ധ്യയന ദിനങ്ങൾ 220 ആയി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം നടപ്പാക്കിയേ അടങ്ങൂ എന്ന പിടിവാശിക്ക് ഹൈക്കോടതി തടയിട്ടിരിക്കുകയാണ്. രണ്ടുവർഷം മുൻപ് സ്‌‌കൂൾ വിദ്യാഭ്യാസ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാർ തത്വത്തിൽ അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ശനിയാഴ്ച പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ടുള്ള തീരുമാനം കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരോടോ അദ്ധ്യാപക സമൂഹത്തോടോ വിദ്യാർത്ഥികളോടോ പൊതു സമൂഹത്തോടോ ഒന്നും ആലോചിക്കാതെയാണ് രണ്ടാം ശനിയാഴ്‌ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ സ്‌കൂളുകൾക്ക് പ്രവൃത്തിദിനങ്ങളാക്കിയത്. പ്രതിപക്ഷത്തുള്ള അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ഈ തീരുമാനത്തെ അതിശക്തമായി എതിർത്തുകൊണ്ട് സമരരംഗത്തായിരുന്നു. പരസ്യമായി രംഗത്തിറങ്ങാൻ വയ്യാത്തതു കൊണ്ടുമാത്രമാണ് ഭരണപക്ഷ യൂണിയനുകൾ മിണ്ടാതിരുന്നത്. ഓരോ ആഴ്ചയും തുടർച്ചയായി ആറുദിവസത്തെ ക്ലാസും അദ്ധ്യയനവും എത്രമാത്രം വിരസവും കുട്ടികളുടെ മനസ്സുകളെ വിരസമാക്കുന്നതുമാണെന്ന് അറിയാതെയാണ് ഈ പരിഷ്കാരം വിദ്യാഭ്യാസ വകുപ്പ് അടിച്ചേല്പിച്ചത്. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കൈക്കൊണ്ട തീരുമാനമെന്ന പേരിലാണ് കുട്ടികളെ പഠന വിരോധികളാക്കുന്ന ഈ നടപടിക്കു സർക്കാർ മുതിർന്നത്. 220 അദ്ധ്യയന ദിനങ്ങൾ സ്‌കൂൾ കലണ്ടറിൽ 220 ആയി നിശ്ചയിച്ചുവെങ്കിലും ഇതിനകം തന്നെ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ എത്രയോ ദിവസങ്ങൾ ഒട്ടുമിക്ക ജില്ലകളിലും സ്‌കൂളുകൾക്കു അവധി നൽകേണ്ടിവന്നു. നഷ്ടപ്പെടുന്ന സാദ്ധ്യായ ദിനങ്ങൾ പിന്നീട് അദ്ധ്യാപകർ അധിക സമയമെടുത്ത് നികത്തുന്നതാണു പതിവ്. എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കിയത് അത്തരം നടപടികൾക്കു തടസ്സമാവുകയും ചെയ്തു. മാത്രമല്ല കുട്ടികളുടെ മാനസികവും കായികവും സർഗ്ഗാത്മകവുമായ അഭിരുചികൾ പുറത്തെടുക്കാനുള്ള അവസരങ്ങളാണ് ഇല്ലാതാകുന്നത്. പരിഷ്‌കൃത രാജ്യങ്ങളിൽ കുട്ടികളെ ക്ളാസ് മുറികളിൽത്തന്നെ തളച്ചിടുന്ന പതിവില്ല. മികച്ച ആസൂത്രണത്തോടെ കരിക്കുലം തയ്യാറാക്കിയാൽ കുട്ടികൾക്ക് അതു ഏറെ പ്രയോജനം ചെയ്യും. പാഠ്യപദ്ധതി പരിഷ്കാരം ഇടയ്ക്കിടെ നടക്കാറുണ്ടെങ്കിലും ഫലത്തിൽ അത് വിദ്യാർത്ഥികൾക്കു അധിക ഭാരമേൽപ്പിക്കും വിധത്തിലാണ്. കുട്ടികളുടെ അഭിരുചികൾ തെല്ലും പരിഗണിക്കാതെയുള്ള പാഠഭാഗങ്ങൾ അടിച്ചേല്പിക്കുകയാണു ചെയ്യുന്നത്.

തുടർച്ചയായ ആറുദിവസത്തെ അദ്ധ്യയനം കൊണ്ട് കുട്ടികൾക്ക് വിശേഷാൽ ഗുണമൊന്നും ലഭിക്കുന്നില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല കുട്ടികളിലെ സർഗ്ഗവാസനകൾ തല്ലിക്കെടുത്താനും ഈ അമിത പഠനഭാരം വഴിവയ്ക്കുമത്രെ. സ്വതന്ത്രമായി ചിന്തിക്കാനും വിവിധ നിലകളിലുള്ള കഴിവുകൾ പുറത്തുകൊണ്ടുവരാനും തുടർച്ചയായ അദ്ധ്യയനം തടസ്സമാകുമെന്നു മനസ്സിലാക്കാൻ ആർക്കും സാധിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ അപ്പീൽ പോകാതെ തീരുമാനം അംഗീകരിച്ച് കുട്ടികളെ പഠനഭാരത്തിൽ നിന്നു രക്ഷിക്കുകയാണു വേണ്ടത്.

സ്‌‌കൂൾ സമയമാറ്റം, പരീക്ഷാ കലണ്ടർ പരിഷ്‌കരണം, അദ്ധ്യാപക നിയമന വ്യവസ്ഥകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയുക്തമായിരുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പകലെത്തിയിട്ട് രണ്ടുവർഷത്തോളമായെങ്കിലും പരിശോധനയ്ക്കു വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. റിപ്പോർട്ട് വെളിച്ചം കാണുന്നതിനു മുൻപുതന്നെ അത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സ്‌കൂൾ അദ്ധ്യയന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയായി മാറ്റണമെന്നതുൾപ്പെടെ ഖാദർ കമ്മിറ്റി ശുപാർശകളിൽ പലതും ഒറ്റയടിക്കു നടപ്പാക്കാൻ സർക്കാരിനു ബുദ്ധിമുട്ടാകും. അതുകൊണ്ട് ഓരോ ശുപാർശയും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കാനാകുമോ എന്നാണു നോക്കുന്നത്. റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ നടക്കുമെന്നു പ്രതീക്ഷിക്കാം. റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്താത്ത സ്ഥിതിക്ക് ശുപാർശകൾ എന്തൊക്കെയാണെന്ന് പൊതുസമൂഹത്തിന് നിശ്ചയമില്ല. റിപ്പോർട്ട് എത്രയും വേഗം പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണം.